രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് രണ്ടാം പാദത്തിലെ പ്രവർത്തനഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 43 ശതമാനത്തിന്റെ വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 3,606 കോടി രൂപയാണ് രണ്ടാം പാദത്തിലെ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ 2,525 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. പ്രവർത്തന ലാഭത്തിലും ഇക്കുറി മികച്ച പ്രകടനം കാഴ്ചവെക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 10.30 ശതമാനം വർദ്ധിച്ച് 7,616 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടാം പാദത്തിൽ 10.12 ശതമാനം വർദ്ധിച്ച് 21.56 ലക്ഷം കോടിയായിട്ടുണ്ട്. കൂടാതെ, മൊത്തം നിക്ഷേപം മുൻ വർഷത്തെ അപേക്ഷിച്ച് 8.66 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. റീട്ടെയിൽ, കാർഷിക, ഭവന വായ്പ മേഖലകളിലും വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഭവന വായ്പ 12.32 ശതമാനം വർദ്ധനവോടെ 88,564 കോടി രൂപയായി.
Also Read: മുഹൂർത്ത വ്യാപാരം: ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാര സമയം എപ്പോൾ? അറിഞ്ഞിരക്കേണ്ട കാര്യങ്ങൾ
Post Your Comments