KeralaLatest News

ചികിത്സാ പിഴവ്: യുവാവ് ഗുരുതരാവസ്ഥയില്‍

മെയ് ഒന്നാം തിയതിയാണ് വയറുവേദനയെ തുടര്‍ന്ന് ബിജു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്

ഗാന്ധിനഗര്‍ : വയറു വേദനയ്ക്ക് മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ശാരീരമാസകലം വൃണങ്ങള്‍ പിടിപെട്ട് ചികിത്സയിലിരിക്കുന്ന യുവാവ് ഗുരുതരാവസ്ഥയില്‍. ചേര്‍ത്തല വയലാര്‍ ളാഹയില്‍ ചിറയില്‍ ബിജു (40) ആണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ദേഹമാസകലം വൃണങ്ങള്‍ ബാധിച്ചു, പൊട്ടി, തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ദ്രാവക രൂപത്തിലാണ് നല്‍കുന്നത്. കുടലിലെയും തൊലി പൊളിഞ്ഞു പോകുകയാണെന്നും വൃക്കയേയും കാഴ്ചശക്തിയെയും ബാധിച്ചേക്കാമെന്നും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു.

മെയ് ഒന്നാം തിയതിയാണ് വയറുവേദനയെ തുടര്‍ന്ന് ബിജു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടര്‍ പാരസെറ്റമോള്‍, വായുകോപം, ഓക്കാനം എന്നിവയ്ക്കുള്ള മരുന്നു നല്‍കി അയച്ചു. കണ്ണിന് പുകച്ചില്‍, കാഴ്ചക്കുറവ്, ശരീരത്തിലും വായിലും വൃണങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 3ന് വീണ്ടും ആശുപത്രിയിലെത്തി കിടത്തി ചികിത്സയ്ക്കു വിധേയനായി. അതിനിടെ ദന്ത, നേത്ര വിഭാഗം ഡോക്ടര്‍മാരെയും കണ്ടു. എന്നിട്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.

കെട്ടിട തൊഴിലാളിയായ ബിജു വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഇപ്പോള്‍ ഇയാള്‍ക്ക് മരുന്നു പോലും വാങ്ങി നല്‍കാന്‍ പോലും പണമില്ല. അമ്മയും, ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബിജു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും വീട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button