തിരുവനന്തപുരം•കഴക്കൂട്ടം ടെക്‌നോപാർക്കിനും പരിസരത്തും കമ്പത്തുനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് നൽകുന്നതിൽ പ്രധാനിയായ തമിഴ്‌നാട് തേനി ജില്ലയിൽ കമ്പം ഉലകതേവർ തെരുവിൽ ഹൗസ് നമ്പർ 91 ൽ എ. രാജേന്ദ്രനെ (42) എക്‌സൈസ് അറസ്റ്റുചെയ്തു. ഇയാളിൽ നിന്നും 1.100 കിലോ കഞ്ചാവ് കണ്ടെടുത്ത് എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
തിരുവനന്തപുരം എക്‌സൈസ് സ്‌ക്വാഡ് സി.ഐ വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി പ്രവീൺ, പ്രിവന്റീവ് ഓഫീസർ സജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രകാശ്, സുഭാഷ്, ബിനു, ജിതേഷ് , വനിത സിവിൽ എക്‌സൈസ് ഓഫീസറായ വിനീതാറാണി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ടെക്‌നോപാർക്ക് പരിസരത്ത് ലഹരി ഉപയോഗം വൻ തോതിൽ വർധിച്ചുവരുന്നതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തിയ രഹസ്യഅന്വേഷണത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. എല്ലാ ആഴ്ചയിലും ഇത്തരത്തിൽ തിരുവനന്തപുരത്ത് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകാറുള്ളതായി രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന ആളുകളുടെ വിവരം എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. ആന്ധ്രാപ്രദേശിൽ നിന്നും കിലോയ്ക്ക് 1000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കമ്പത്ത് പോയി വാങ്ങുന്നവർക്ക് കിലോയ്ക്ക് 8000 രൂപ നിരക്കിലും തിരുവനന്തപുരത്ത് എത്തിക്കുന്നതിന് കിലോയ്ക്ക് 10000 രൂപ നിരക്കിലുമാണ് ഈടാക്കിയിരുന്നത്.
Post Your Comments