ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വാക്‌പോര് മാത്രമല്ല സംഘഷങ്ങളും തുടര്‍കഥയാവുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പശ്ചിമ ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നുമാണ് ബിജെപി ആവശ്യം.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മമത പ്രകോപിതരാക്കി ബിജെപിക്കെതിരെ ഇളക്കിവിടുകയാണെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കണമെന്നും നഖ്വി ആവശ്യപ്പെട്ടു.
ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഏകാധിപത്യം തുടരാനാണെങ്കില്‍ പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. അമിത് ഷായുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് കാരണമൊന്നും ഇല്ലാതെയാണ് മമത അനുമതി നിഷേധിച്ചത്. ഹെലികോപ്റ്റര്‍ ഇറക്കാനും അനുമതി നല്‍കിയില്ല. ബുള്ളറ്റിനെക്കാള്‍ ഫലപ്രദമാണ് ബാലറ്റ്, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും. ഏകാധിപത്യം തുടരാന്‍ ആണെങ്കില്‍ പിന്നെന്തിനാണ് തെരെഞ്ഞെടുപ്പ് നടത്തുന്നതെന്നും ജാവദേക്കര്‍ ചോദിച്ചു.
Post Your Comments