ആദിവാസി വിഭാഗത്തിലെ 74 പേര്‍ ഇനി കേരള പൊലീസില്

 

തൃശൂര്‍: ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലീസ് സേനയുടെ ഭാഗമായി. പ്രത്യേക നിയമനംവഴി തെരഞ്ഞെടുത്ത കോണ്‍സ്റ്റബിള്‍മാര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളില്‍നിന്നുള്ള അഭ്യസ്തവിദ്യരായ 24 പെണ്‍കുട്ടികള്‍ക്കും, 50 ആണ്‍കുട്ടികള്‍ക്കുമാണ് നിയമനം ലഭിച്ചത്.

പാസിങ് ഔട്ട് പരേഡില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സല്യൂട്ട് സ്വീകരിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച മുഴുവന്‍ സേനാംഗങ്ങള്‍ക്കും ഒരാഴ്ചയ്ക്കകം അവരവരുടെ നാട്ടിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ ചുമതല നല്‍കുമെന്നും ബെഹ്റ പറഞ്ഞു. മേയര്‍ അജിത വിജയന്‍, ഡിജിപി (ട്രെയിനിങ്) അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ സന്നിഹിതരായി. മുഖ്യാതിഥി പരേഡ് പരിശോധിച്ചശേഷം, സേനാംഗങ്ങള്‍ സത്യപ്രതിജ്ഞയെടുത്തു. തുടര്‍ന്ന് 74 സേനാംഗങ്ങളും മാര്‍ച്ച് ചെയ്ത് മുന്നേറി. 74 പേരില്‍ രണ്ടുപേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്.

രണ്ടുപേര്‍ ബിരുദവും ബിഎഡുമുള്ളവരാണ്. ഏഴുപേര്‍ ബിരുദധാരികളും ഒരാള്‍ ഡിപ്ലോമ ജേതാവുമാണ്. 30പേര്‍ പ്ലസ്ടു യോഗ്യതയുള്ളവരും 31പേര്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവരുമാണ്. മലപ്പുറത്തുനിന്ന് എട്ടുപേരും പാലക്കാട്ടുനിന്ന് 15പേരും വയനാട്ടില്‍നിന്ന് 51 പേരും സേനയില്‍ ഉള്‍പ്പെടുന്നു.

Share
Leave a Comment