കോഴിക്കോട്: മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ചത് റെയ്ഡ് നടത്തി പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ കല്ലുരുട്ടി, തെച്ച്യാട്, ഓമശേരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്ഷണര്, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ, ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗമായ ടാക്സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ, എഎവൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കില്ല.
നിലവില്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കി കാര്‍ഡുകള്‍ റദ്ദാക്കുമെന്നും റെയ്ഡ് തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി.
Post Your Comments