തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളില്‍ ഇപ്പോഴും കുടുംബനാഥകള്‍ക്കു പകരം കുടുംബനാഥന്മാര്‍ തന്നെ ഉടമസ്ഥ സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്ന ശേഷവും സംസ്ഥാനത്ത് ആയിരക്കണക്കിനു റേഷന്‍ കാര്‍ഡുകളുടെ ഉടമകളായി പുരുഷന്മാര്‍ തുടരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. പ്രായപൂര്‍ത്തിയായ വനിതാ അംഗങ്ങളില്ലാത്ത വീടുകളില്‍ പുരുഷന്മാര്‍ കാര്‍ഡ് ഉടമകളാകുന്നതു സ്വാഭാവികമാണെങ്കിലും അതല്ലാത്ത കേസുകളിലും ഇങ്ങനെ തുടരുന്നുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍.
കഴിഞ്ഞയാഴ്ച മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഭക്ഷ്യഭദ്രതാ നിയമത്തിലെ 13ാം വകുപ്പു പ്രകാരം കുടുംബത്തിലെ ഏറ്റവും പ്രായമേറിയതും 18 വയസ്സില്‍ കുറയാത്തതുമായ വനിതയാകണം റേഷന്‍ കാര്‍ഡിലെ കുടുംബനാഥ. ഇതോടൊപ്പം മുന്‍ഗണനാ വിഭാഗത്തില്‍ സ്ഥിരമായി റേഷന്‍ വാങ്ങാത്ത കുടുംബങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. അന്ത്യോദയ അന്നയോജന (എഎവൈ) കാര്‍ഡ് ഉടമകളില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരെക്കുറിച്ചു ഗൗരവമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുവിതരണ രംഗം ദരിദ്രര്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് 2000 ഡിസംബറില്‍ അന്ത്യോദയ അന്ന യോജന പ്രവര്‍ത്തനമാരംഭിച്ചത്.
രാജ്യത്തെ ബി.പി.എല്‍. കാര്‍ഡുകാര്‍ക്കിടയില്‍ നിന്ന് ഏറ്റവും ദരിദ്രന്മാരെ കണ്ടെത്തി അവര്‍ക്ക് ഗോതമ്പ് കിലോയ്ക്ക് രണ്ട് രൂപയ്ക്കും, അരി കിലോയ്ക്ക് മൂന്ന് രൂപയ്ക്കും വിതരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വന്‍ സബ്സിഡിയാണ് നല്‍കുന്നത്. വിതരണത്തിനായി ചെലവാകുന്ന തുക അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ കണ്ടെത്തണം. അങ്ങനെ ഭക്ഷ്യസബ്സിഡിയുടെ മുഴുവന്‍ പങ്കും ഈ ദരിദ്രരിലെ ദരിദ്രര്‍ക്ക് ലഭിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകതയുള്ള എ.എ.വൈ റേഷന്‍ കാര്‍ഡ് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിട്ടുപോലും അത് പ്രയോജനപ്പെടുത്താത്തവര്‍ അല്ലെങ്കില്‍ പ്രയോചനം വേണ്ട വിധത്തില്‍ ലഭിക്കാത്തവര്‍ നിരവധിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments