റഫാല്‍ കരാറില്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകള്‍ മുന്നില്‍വച്ചെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 126 വിമാനങ്ങള്‍ വാങ്ങാനുള്ള ശേഷി കേന്ദ്രസര്‍ക്കാറിനുണ്ടായിരുന്നു, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും ആവശ്യം വരുമ്പോള്‍ പടിപടിയായി വിമാനങ്ങള്‍ വാങ്ങാമെന്നും നിതിന്‍ ഗഡ്കരി പ്രതികരിച്ചു.
യു.പി.എ സര്‍ക്കാര്‍ കാലത്തെ റാഫേല്‍ കരാറില്‍ മാറ്റം വരുത്തി വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആക്കി കുറച്ചത് പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സത്യം പുറത്ത് വരുന്നു എന്നും ദേശസുരക്ഷയില്‍ മോദി സര്‍ക്കാര്‍ ഉത്തരം മുട്ടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു.
യു.പി.എ കാലത്തെ കരാറിലേതിനേക്കാള്‍ എന്‍.ഡി.എ കരാറില്‍ വിമാനത്തിന്റെ വില വര്‍ധിച്ചതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ട് സര്‍ക്കാരിന് ഉണ്ടെന്നിരിക്കെ എങ്ങിനെയാണ് കൂടിയ വിലക്ക് വിമാനങ്ങള്‍ വാങ്ങിയതെന്ന വിമര്‍ശവും ശക്തമാണ്. 36 വിമാനങ്ങള്‍ വാങ്ങിയ ശേഷം പുതിയ ടെക്നോളജി ലഭ്യമാണെങ്കില്‍, കുറഞ്ഞ വിലയ്ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണ്. റാഫേല്‍ തന്നെ വാങ്ങണം എന്നില്ലല്ലോ എന്നുമാണ് ഗഡ്കരിയുടെ പ്രതികരണം.രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിമര്‍ശം രാഹുല്‍ ഗാന്ധി വ്യക്തിപരമായി ആക്രമിക്കുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് എന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താല്‍ ശ്രദ്ധിക്കണമെന്നും ഇത് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Post Your Comments