കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി ബാലന്‍ നായര്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മഞ്ചിത്ത് കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഭീമമായ നാശനഷ്ടമാണ് കൊട്ടിയൂര്‍ ദേവസ്വത്തിന് ഉണ്ടായതെങ്കിലും തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ അതി വിപുലമായാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അക്കരെ ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറുഭാഗത്തുള്ള അവകാശികളുടെ കയ്യാലകള്‍ പുറകോട്ട് നീക്കി തീര്‍ഥാടകര്‍ക്ക് സുഗമമായി ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവഞ്ചിറയിലേക്ക് മലിനജലം ഒഴുകാതിരിക്കാന്‍ ഓവുചാല്‍ നിര്‍മിച്ചും പന്ന്യാംമലയിലെ ജലസ്രോതസില്‍നിന്ന് പൈപ്പ് വഴി ശുദ്ധജലം എത്തിച്ചുമാണ് തിരുവഞ്ചിറയില്‍ പ്രദക്ഷിണ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രളയാനന്തരം ഇടബാവലി വളരെയധികം താഴ്ന്ന് പോയതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനുമായി കല്‍പടവുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കൂടാതെ ടോയ്ലറ്റ് ബ്ലോക്കുകള്‍, വിശ്രമ മന്ദിരങ്ങള്‍, സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള ഷെഡുകള്‍ എന്നിവയും പൂര്‍ത്തീകരിച്ച് വരികയാണ്. ഉത്സവ നഗരി പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് കൊട്ടിയൂര്‍ ദേവസ്വം , കൊട്ടിയൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഹരിതസേനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ദേവസ്വം ഇന്‍സിനേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
ഉത്സവ നഗരി ലഹരി വിമുക്തമാക്കുന്നതിന് എക്സൈസ് വകുപ്പും വിപുലമായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. പൊലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നീ വിഭാഗങ്ങളുടെ 24 മണിക്കൂര്‍ സേവന കേന്ദ്രവും ഉണ്ടാവും. മുന്‍വര്‍ഷത്തിന് വിഭിന്നമായി പ്രസാദമായി ലഭിക്കുന്ന നെയ്പായസം സീല്‍ഡ് പേപ്പര്‍ കണ്ടെയ്നറിലും ആടിയനെയ് പാക്കിങ് ഫിലിമിലും നിറച്ച് വിതരണം ചെയ്യുന്നതിന് യന്ത്രസംവിധാനവും ഏര്‍പ്പെടുത്തി. വിവരങ്ങള്‍ കൈമാറുന്നതിനായി വാക്കിടോക്കി സംവിധാനവും തിരുവഞ്ചിറയില്‍ എക്സ് സര്‍വീസ് ജവാന്‍മാരുടെ സേവനവും ലഭ്യമാക്കും.
Post Your Comments