ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. രോഗ ശാന്തിയ്ക്കായും മനസമാധാനത്തിനായും ഈശ്വര ഭജന നടത്തുന്നവരാണ് ഭക്തര്‍. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മളാല്‍ കഴിയുന്നരീതിയില്‍ പൂവ്, എണ്ണ തുടങ്ങിയവ കാണിക്കയായി കൊണ്ട് പോകാറുണ്ട്. അതിനൊപ്പം ചില ക്ഷേത്രങ്ങളില്‍ ആള്‍ രൂപങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. സര്‍വ്വ രോഗങ്ങളും അതിലൂടെ മാറുമെന്നാണ് വിശ്വാസം. അത്തരം ഒരു ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം.
കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്ത് അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കൊട്ടിയൂര്‍ എന്ന് വിശ്വാസം. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയെന്നു ഐതീഹ്യം. ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു.
കൊട്ടിയൂരില്‍ ആൾരൂപം സമർപ്പിച്ചാൽ സർവ്വരോഗങ്ങളും മാറും എന്നാണ് വിശ്വാസം. ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ രോഗങ്ങൾ മാറും എന്നും ഭക്തന്മാർ കരുതുന്നു. ശത്രുനാശം, സർവ്വൈശ്വര്യം, അകാലമരണമോചനം, സന്താനലബ്ധി, ദീർഘായുസ്സ്, രാജകീയ പദവികൾ എന്നിവ കൊട്ടിയൂരിൽ വഴിപാടുകൾ നടത്തിയാൽ ഉണ്ടാകുമെന്നും ഭക്തര്‍ കരുതുന്നു.
ഭണ്ഡാരമെഴുന്നള്ളിപ്പിന് മുൻപും മകം നാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. അക്കരെ കൊട്ടിയൂരിൽ ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
Post Your Comments