കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ വെച്ച പൂജകൾ പൂർത്തിയാക്കി കാടിന്റെ മടിത്തട്ടിലെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം പൊടിപൊടിയ്ക്കുകയാണ്! വയനാടൻ ചുരമിറങ്ങിയൊഴുകി വരുന്ന ബാവലിപ്പുഴ പുണ്യാഹം തളിച്ച ശുദ്ധമാക്കിയ “ദക്ഷയാഗഭൂമിയിൽ”സ്വയം ഭൂവായ മഹാദേവന് കൂവയിലയിൽ അഭിഷേകം നടത്തി 28 ദിവസം നീണ്ടു നില്ക്കുന്ന മഹാമഹത്തിന് തുടക്കം കുറിച്ചപ്പോൾ പ്രകൃതിശ്വരി മൂകസാക്ഷിയായി നില കൊണ്ടു!
കൊട്ടിയൂർ ക്ഷേത്ര ചരിത്രവും ഐതീഹ്യവും
വയനാടൻ മലമുകളിൽ നിന്ന് വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന ബാവലിപ്പുഴ കൊട്ടിയൂരിലെത്തുമ്പോൾ രണ്ടായിപ്പിരിഞ്ഞൊഴുകുന്നു.പുഴയുടെ തെക്കുഭാഗം ഇക്കരെ കൊട്ടിയൂർ എന്നും വടക്കുഭാഗം അക്കരെ കൊട്ടിയൂർ എന്നും അറിയപ്പെടുന്നു! ഇക്കരെ കൊട്ടിയൂരിൽ മഹാദേവക്ഷേത്രം പണിതിട്ടുണ്ടെങ്കിലും “വൈശാഖ ഉത്സവം” നടക്കുന്നത് കാടിനു നടുവിലെ അക്കരെ കൊട്ടിയൂരിലാണ്!, ആദിപരാശക്തിയും പരമശിവപത്നിയുമായ “സതീദേവി”യുടെ പിതാവ് “ദക്ഷപ്രജാപതി” മഹായാഗം നടത്താൻ തീരുമാനിക്കുകയും , മഹാദേവനെ ഇഷ്ടമല്ലാതിരുന്ന ദക്ഷൻ, പരമശിവനൊഴികെയുള്ള ദേവകളെയെല്ലാം മഹായാഗത്തിൽ പങ്കു കൊള്ളാൻ ക്ഷണിക്കുകയും ചെയ്തു.വിളിച്ചില്ലെങ്കിലും പിതാവ് നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സതീദേവിയുമെത്തി.എന്നാൽ മകളെക്കണ്ട ദക്ഷൻ സർവ്വരുടെയും സമക്ഷം പുത്രീഭർത്താവിനെ അപമാനിക്കുകയും അതിൽ മനം നൊന്ത് സതീദേവി അഗ്നിയിൽ ആത്മാഹൂതി ചെയ്യുകയും ചെയ്തു! വിവരമറിഞ്ഞ കൈലാസനാഥൻ കോപാഗ്നിയിൽ തന്റെ ജട പറിച്ചെറിയുകയും ,ദക്ഷനെ വധിക്കാനായി ജടയിൽ നിന്ന് വീരഭദ്രനെ സൃഷ്ടിക്കുകയും ചെയ്തു.സംഹാരതാണ്ഡവമാടിയ പരമശിവനെ ബ്രഹ്മാ-വിഷ്ണു ,ദേവർഷികൾ സമാധാനിപ്പിക്കുവാൻ ശ്രമം തുടങ്ങി.യാഗം മുടക്കിയ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത് പ്രതികാരം ചെയ്തു.പിന്നീട് കോപം തണുത്ത ശിവഭഗവാൻ ആടിന്റെ തല ദക്ഷന്റെ ഉടലിൽ യോജിപ്പിച്ച് യാഗ പൂർത്തീകരണം നടത്തിയെന്നു വിശ്വസിക്കുന്നു!
സ്വയംഭൂ ലിംഗം
ഒരിക്കലൊരു കുറിച്യ ആദിവാസി യുവാവ് കാട്ടിനുള്ളിലെ ഭക്ഷണം ശേഖരിക്കുന്നതിനിടയിൽ തന്റെ കത്തിയുടെ മൂർച്ച കൂട്ടാനായി അടുത്തു കണ്ട കല്ലിലുരച്ചുവെന്നും,കല്ലിൽ നിന്നും രക്തം ചീന്തിയപ്പോൾ പേടിച്ചരണ്ട യുവാവ് സമുദായത്തലവൻമാരെയും കൂട്ടിയെത്തുകയും,വിവരമറിഞ്ഞ പടിഞ്ഞീറ്റ നമ്പൂതിരിയെത്തി അടുത്തു കണ്ട കൂവയില പറിച്ചെടുത്ത് ബാവലിപ്പുഴയിലെ ജലം ശേഖരിച്ച് അഭിഷേകം നടത്തിയെന്നും പറയപ്പെടുന്നു. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ അക്കരെ ക്ഷേത്രത്തിലാണ് വിശേഷപ്പെട്ടതും പ്രശസ്തമായതുമായ വൈശാഖ മഹോത്സവം നടക്കുന്നത്.ദക്ഷപ്രജാപതി യാഗം നടത്തിയെന്നു കരുതുന്ന ഈ ക്ഷേത്രത്തിലെത്താൻ കാടിന്റെ ഉള്ളറകളിലൂടെ യാത്ര ചെയ്യണം.വൈശാഖമാസത്തിൽ മാത്രമാണ് ഇവിടെ പൂജ നടക്കുന്നത് . ബാക്കി ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ യഥാവിധി പൂജകൾ നടക്കാറുണ്ട്.ബാവലിപ്പുഴയിൽ നിന്നുള്ള കല്ലും മണ്ണും കൊണ്ട് കെട്ടിയുയർത്തിയ “മണിത്തറ”യും,സ്വയംഭൂ ലിംഗവും,തൊട്ടടുത്തു തന്നെ ഓലക്കുട ചൂടിയ ശ്രീപാർവതി പ്രതിഷ്ഠയുള്ള “അമ്മാറക്കല്ല്”,കാട്ടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.മുട്ടോളം വെള്ളത്തിലുള്ള ശയനപ്രദക്ഷിണം വളരെ കീർത്തി കേട്ടതാണ്.സാധാരണ പ്രദക്ഷിണവും വെള്ളത്തിലൂയാണ്.
വൈശാഖ മഹോത്സവം
ഉത്സവ സംബന്ധിയായ ചർച്ചകൾ നടത്താനായി വൈശാഖം ഒന്നിന് ഇക്കരെ കൊട്ടിയൂരിൽ “പ്രാക്കൂഴം”എന്ന ചടങ്ങ് നടത്തിയാണ് വൈശാഖ ഉത്സവത്തിന് മുൻപുള്ള ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്!പുല്ലാത്തോട് നരസിംഹ ക്ഷേത്രത്തിൽ നിന്നും വ്രതശുദ്ധിയോടെ പരമ്പരാഗത രീതിയിൽ നെല്ല് കുത്തിയെടുത്ത അവിലുമായി ഒരു സംഘം പുറപ്പെട്ട് ഇടയ്ക്ക് മണത്തണക്ഷേത്രത്തിൽ ഒരു രാത്രി വിശ്രമിച്ച് അടുത്ത ദിവസം ഇക്കരെ കൊട്ടിയൂരിലെത്തി മേൽശാന്തിക്കു കൈമാറുന്നതോടെ പ്രാക്കൂഴം ചടങ്ങിനു തുടക്കമാകും!
28 ദിവസം നീണ്ടു നില്ക്കുന്ന മഹോത്സവം നെയ്യാട്ടത്തോടു തുടങ്ങി തൃക്കലശാട്ടത്തിലവസാനിക്കും!നാടും,കാടും ഒരുമിച്ചു പങ്കെടുക്കുന്ന ഈ ഉത്സവമാമാങ്കത്തിൽ ജാതി മത ചിന്തകൾക്ക് ഒരു സ്ഥാനവുമില്ല. നമ്പൂതിരിയും,നായരും, കീഴാളനും, പണിയാനും, ആശാരിക്കും, ആദിവാസിക്കും, കൊല്ലനും ഒരു പോലെ പ്രാധാന്യമുള്ള ക്ഷേത്രമാണ് കൊട്ടിയൂർ! പലർക്കും ഉത്സവ സംബന്ധിയായ പല അവകാശങ്ങളും വീതിച്ചു കൊടുത്തിട്ടുമുണ്ട്.ഇടവത്തിലെ ചിത്തിരയിൽ തുടങ്ങി മിഥുനത്തിലെ ചോതിയിലാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. ദേവന്മാരുടെ ഉത്രാടത്തിലെ ഭണ്ഡാരമെഴുന്നെളിപ്പ്,,മനുഷ്യരുടെ ഉത്സവമായ ആയില്യം, ഭൂതഗണങ്ങളുടെ ഉത്സവമായ മകം തുടങ്ങിയവ പ്രധാനപ്പെട്ട ദിനങ്ങളാണ്. ഭണ്ഡാരമെഴുന്നെള്ളിപ്പ് കഴിഞ്ഞ് മകം നാൾ തൊട്ട് സ്ത്രീകൾക്ക് ക്ഷേത്രത്തിലെയ്ക്ക് പ്രവേശനം ഉണ്ടാകാറില്ല!
നെയ്യ്,ജലം,ഇളനീർ തുടങ്ങി നിരവധി അഭിഷേകങ്ങൾ ഈ ദിവഹങ്ങളിൽ നടക്കും.അവസാനം തൃക്കലശാട്ടം നടത്തി ചോതി വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് സമാപ്തിയാകും.പിന്നീട് അടുത്ത വൈശാഖം വരേയ്ക്കും ഭഗവാൻ വിശ്രമിയ്ക്കുന്നു എന്നാണ് ഐതീഹ്യം!”വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവകാലത്ത് വന്നെത്തുന്നവർക്കായി താല്ക്കാലിക വിശ്രമകേന്ദ്രങ്ങളും,അതിഥി മന്ദിരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ വന്ന് തൊഴുതു പോകുന്നവർ മുള കൊണ്ടുണ്ടാക്കിയ “ഓടപ്പൂവ്”വാങ്ങിയാണ് തിരിച്ചുപോകുന്നത്.ഇത് വീടിന്റെ ഉമ്മറത്തോ,പൂജാമുറിയിലോ തൂക്കിയിടുന്നത് ഐശ്വര്യമായി കരുതുന്നു! കാടിനു നടുവിൽ പ്രകൃതിയുടെ താരാട്ടിലലിഞ്ഞ് ഭക്തിയുടെ നിറവിശുദ്ധിയിൽ ഭഗവാനെ തൊഴുത് സായൂജ്യമടയാം!
Post Your Comments