Devotional

താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏക ദേവസ്ഥാനം കേരളത്തില്‍

ഓരോ ക്ഷേത്രങ്ങളിലും ഓരോ പ്രത്യേകതയുള്ളതാണ്. മൂര്‍ത്തി മുതല്‍ പൂജാ രീതികള്‍ വരെയുള്ളതില്‍ പലപ്പോഴും വ്യത്യസ്ത പുലര്‍ത്തുന്നവയായിരിക്കും ക്ഷേത്രങ്ങള്‍. അത്തരം ഒരു ദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. ക്ഷേത്രമില്ല ക്ഷേത്രമെന്ന ഖ്യാതി നേടിയ കൊട്ടിയൂര്‍ സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ്. ഈ ദേവസ്ഥാനത്തിലെ പ്രധാന വിശേഷം വൈശാഖോല്‍സവമാണ്. ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വീടുകളിലും വാഹനങ്ങളിലും ഐശ്വര്യവർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു.
ഓടപ്പൂ പ്രസാദവുമായി ബന്ധപ്പെട്ട ഐതീഹ്യം ശിവ- പാര്‍വതീ ബന്ധത്തില്‍ നിന്നുമുണ്ടായതാണ്. ആ കഥയിങ്ങനെ.. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ സമ്മേളനത്തിനായി എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽനിന്നും ദക്ഷൻ ശിവനെ വിലക്കി. ഇതില്‍ കുപിതനായ ഗിവന്‍ ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്ന് ശപിച്ചു. ഈ ശാപത്തില്‍ നിന്നും മുക്തി നേടുന്നതിനായി ദക്ഷൻ ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരമറിഞ്ഞ സതി ശിവനോട് തന്നെയും കൂട്ടി യാഗത്തിന് പോകണമെന്ന് അപേക്ഷിച്ചു. സ്വന്തം ഗൃഹത്തില്‍ മംഗള കര്‍മ്മം നടക്കുമ്പോള്‍ ക്ഷണം ലഭിക്കണമെന്നില്ലെന്നും സതി വാദമുഖങ്ങള്‍ നിരത്തി. എന്നാല്‍ അപമാനിതയാകും എന്ന് ശിവന്‍ മുന്നറിയിപ്പ് കൊടുത്തത് പോലും വക വയ്ക്കാതെ സതി യജ്ഞശാലയിലെത്തി

യാഗത്തില്‍ ക്ഷണിക്കുകയോ ചെയ്തില്ല, എത്തിയതില്‍ അപമാനിക്കുകയും ചെയ്തു. അച്ഛന്റെ ഭാഗത്ത് നിന്നുമുണ്ടായ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ചുകൊണ്ടു പറഞ്ഞു.” സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല. വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തുവെന്നറിഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു. അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ” ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.

വയനാടൻ മലനിരകളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button