തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം രാമനെ സ്വീകരിച്ചത്.ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാൻ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്.
ലോറിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തേക്കിൻകാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിൻകാട് മൈതാനത്തെത്തുകയും മണികണ്ഠനാൽ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തെത്തി. ഇതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന തൃശൂര്‍ പൂരത്തിനും തുടക്കമായി.
Post Your Comments