തിരുവല്ല: തിരുവല്ലയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തിയ മോഷ്ടാവ് രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി മോഷ്ടാവ് കടന്നു കളഞ്ഞു. ട്രാന്‍സ്‌ഫോമറിന്റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തിയായയിരുന്നു തട്ടിപ്പ്. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ട്രാന്‍സ്‌ഫോമറുകളുടെ ഫോട്ടോയെടുക്കാനെന്ന പേരിലാണ് തോട്ടപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ മധ്യവയസ്‌കനായ ആള്‍ എത്തിയത്. കരുനാഗപ്പള്ളി സ്വദേശി സുജിത്ത് എന്നാണ് ഇയാള്‍ ഫോട്ടോഗ്രാഫര്‍ക്ക് പരിചയപ്പെടുത്തിയത്. കെഎസ്ഇബിയുടെ നീല ടാഗും ധരിച്ചിരുന്ന ഇയാള്‍ കറുത്ത ബുള്ളറ്റിലാണ് എത്തിയത്. ഇയാള്‍ ബുള്ളറ്റില്‍ ഫോട്ടോഗ്രാഫറോടൊപ്പം കറങ്ങി ട്രാന്‍സ്‌ഫോമറുടെ ഫോട്ടോകളെടുത്തു. പരുമല തിക്കപ്പുഴയില്‍ വെള്ളം കുടിക്കാനായി കടയില്‍ കയറിയ ശേഷമാണ് ഇയാള്‍ ക്യാമറയുമായി കടന്നുകളഞ്ഞത്.
വിവിധ സ്ഥലങ്ങലിലെ സിസിടിവികളില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ടാഗ് ധരിച്ചിരുന്നതിനാല്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് സംശയം തോന്നിയിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സ്റ്റുഡിയോ ഉടമ അനില്‍ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് മോഷ്ടാവ് തിരുവല്ലയിലെത്തിയത്. തിരുവനന്തപുരം, കായംകുളം മേഖലകളിലും സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments