Latest NewsElection 2019

ഗംഭീര്‍ മാപ്പ് പറയണം;ആം ആദ്മി പാര്‍ട്ടിയുടെ വക്കീല്‍ നോട്ടീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസയച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ ഇത് കെജ്രിവാളിന്റെ തരംതാണ രാഷ്രീയ നാടകമാണെന്ന മറുപടിയുമായി ബിജെപി ആരോപണം തള്ളി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി കരഞ്ഞ്, ജാതി അധിക്ഷേപം അടക്കം നടത്തിയെന്ന് ആരോപിച്ച് അതിഷി മെര്‍ലീന ഉയര്‍ത്തിയ പരാതി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ്. മാപ്പ് പറഞ്ഞ് പത്രത്തില്‍ പരസ്യം നല്‍കിയില്ലെങ്കില്‍ നിയമ നടപടി തുടരുമെന്ന് വ്യക്തമാക്കിയാണ് ആം ആദ്മിയുടെ നോട്ടീസ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സ്വഭാവമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരോപിച്ച് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ ആക്രമണം കടുപ്പിക്കുകയാണ്. ഇത് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വിരുദ്ധത വളര്‍ത്താന്‍ സഹായിച്ചെന്നാണ് ആം ആദ്മിയുടെ വിലയിരുത്തല്‍.

അതേസമയം, ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്. കെജ്രിവാളിനെ ലക്ഷ്യം വച്ചാണ് ഗംഭീറിന്റെ മറുപടികള്‍. ജനപിന്തുണ നഷ്ടപ്പെടുന്ന ആം ആദ്മിയുടെ പിടിച്ചു നില്‍ക്കാനുള്ള അടവാണെന്ന മറുതന്ത്രം താമരക്ക് ലഭിക്കാനുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കില്ലെന്നും ബിജെപി ക്യാമ്പ് കണക്കു കൂട്ടുന്നു.

കഴിഞ്ഞ ദിവസം, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗൗതം ഗംഭീര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, അതിഷി എന്നിവര്‍ക്കാണ് ഗംഭീര്‍ നോട്ടീസ് അയച്ചത്. അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് എഎപി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗംഭീറിന്റെ നടപടി. ഈ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നായിരുന്നു ഗംഭീറിന്റെ ആവശ്യം. എന്നാല്‍ അതിനു പിന്നാലെ ഗംഭീറിനോട് മാപ്പ് ആവശ്യപ്പെട്ട് എഎപി വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button