തൃശൂർ പൂരം സുരക്ഷയ്ക്കായി പോലീസ് സജ്ജം. സാമ്പിൾവെടിക്കെട്ട് നടക്കുന്ന മെയ് 11 മുതൽ 14 ന് പൂരം ഉപചാരം ചൊല്ലിപിരിയും വരെയുള്ള പോലീസ് ഡ്യൂട്ടി വിന്യാസം പൂർത്തീകരിച്ചു. തണ്ടർബോൾട്ട് കമാണ്ടോകൾ, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷൻ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയും, കരുതലോടെയുമാണ് പോലീസ് പരിശോധനയും, സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. അഞ്ച് ഐ.പി.എസ് ട്രയ്‌നീസ്, 30 ഡി.വൈ.എസ്.പിമാർ, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥർ, 250 വനിതാ പോലീസ്, 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയ്‌ക്കെത്തുക. തൃശൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുക.
വടക്കുനാഥ ക്ഷേത്രം, തേക്കിൻകാട് മൈതാനം,സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളിൽ സി.സി.ടി.വി ക്യാമറയുടെ വലയത്തിലാകും. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാക്കി പോലീസ് വീക്ഷിക്കും.
സ്വരാജ് റൗണ്ടിലെയും, നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും, മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. രാത്രികാല നിയന്ത്രണത്തിനാവശ്യമായ റിഫ്‌ളക്ടീവ്് ജാക്കറ്റുകൾ, ടോർച്ച് എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഒരാഴ്ച മുൻപെ തന്നെ നഗരത്തിലെ ലോഡ്ജുകളിലും, തിയേറ്ററുകളിലും, വൻകിട ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന പൂർത്തിയാക്കി. ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷിച്ചുവരുന്നു. സ്‌ഫോടകവസ്തു പരിശോധനകളും, ക്രൈസിസ് മാനേജ്‌മെൻറ് പരിശോധനയും തുടരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, തീരപ്രദേശങ്ങൾ, ജില്ലാ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കർശന സുരക്ഷയൊരുക്കി. നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും, കാവലും ഏർപ്പെടുത്തി. ഇവിടങ്ങളിൽ പോലീസ് ബൈനോക്കുലർ നിരീക്ഷണം നടത്തും.
അതീവ സുരക്ഷാ ഭാഗമായി ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. പൂരപറമ്പിനെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും പരിചയസമ്പന്നരായ രണ്ട് ഡി.വൈ.എസ്.പിമാർ സുരക്ഷാ മേൽനോട്ടമേകും. ഗതാഗത നിയന്ത്രണത്തിനും, പട്രോളിങ്ങിനും പ്രത്യേക സംവിധാനമുണ്ട്. പൂരം നാളിലും സാമ്പിൾ വെടിക്കെട്ട് ദിവസവും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തെ തെക്ക്, വടക്ക് എന്നിങ്ങനെ വിഭജിച്ചാണ് ക്രമസമാധാനപാലനവും, പരിശോധനയും നടക്കുന്നത്. പോലീസ് വാഹനങ്ങളിലും, ബൈക്കിലും, നടന്നും പ്രത്യേകം പട്രോളിങ് സംഘങ്ങളുണ്ടാവും. പൂരം നാളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചെമ്പോട്ടിൽ ലൈൻ റോഡ് ആംബുലൻസ് സർവ്വീസസിനായി ഒഴിച്ചിടും.
നഗരത്തിന്റെ മുക്കിലും, മൂലയിലും, ഇരുണ്ട കോണുകളിലുമെല്ലാം ശ്രദ്ധയോടെ സദാസമയവും പോലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഇത്തവണത്തെ പോലീസ് വിന്യാസം. സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണത്തിന് മുഖ്യപരിഗണന നൽകും.സുരക്ഷാ ഭാഗമായി പോലീസിനൊഴിച്ച് ആർക്കും ഹെലിക്യാം ക്യാമറ പ്രവർത്തനം അനുവദനീയമല്ല. അപരിചിതർ, മതിയായ രേഖകളില്ലാത്തവർ എന്നിവരുടെ വിവരം പോലീസിന് ലോഡ്ജ് ഉടമകളും, പൊതുജനങ്ങളും നൽകണം. ഇതിനുമപ്പുറം അത്യാവശ്യഘട്ടങ്ങളിലും, അടിയന്തിര സാഹചര്യങ്ങളിലും പോലീസ് നടപടി ഉറപ്പാക്കുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീം സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂട്ടിയിണക്കുന്നതിനും, മോണിറ്റർ ചെയ്യുന്നതിനുമായി പൂരം കൺട്രോൾ റൂമും, ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺനമ്പർ 100, 112
Post Your Comments