ചേര്‍ത്തല: വയറുവേദനക്ക് മരുന്ന് കഴിച്ച് ദേഹമാസകലം വൃണങ്ങൾ പിടിപെട്ട് യുവാവ് , താലൂക്ക് ആശുപത്രിയില്‍ നിന്ന് വയറുവേദനയ്ക്ക് മരുന്നു വാങ്ങി കഴിച്ച രോഗിയുടെ ശരീരത്തില്‍ വൃണങ്ങള്‍ പിടിപെട്ട് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. മരുന്നിന്റെ പാര്‍ശ്വഫലമായിരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍വ്യക്തമാക്കുന്നത്.
ചേർത്തല വയലാര്‍ കൂട്ടുങ്കല്‍ ബിജുവാണ് (40) ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവം നവ മാധ്യമങ്ങളില്‍ വന്നതോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ്മാസം 1 ആം തിയതി രാത്രി 7.30ന് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടര്‍ പാരസെറ്റമോള്‍, വായുകോപം, ഓക്കാനം എന്നിവയ്ക്കുള്ള മരുന്നു നല്‍കി അയച്ചു. കണ്ണിന് പുകച്ചില്‍, കാഴ്ചക്കുറവ്, ശരീരത്തിലും വായിലും വൃണങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 3ന് വീണ്ടും ആശുപത്രിയിലെത്തി കിടത്തി ചികിത്സയ്ക്കു വിധേയനായി. അതിനിടെ ദന്ത, നേത്ര വിഭാഗം ഡോക്ടര്‍മാരെയും കണ്ടു. എന്നിട്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.
വയറുവേദനയ്ക്ക് മരുന്ന കഴിച്ച ബിജുവിന് ബിജുവിന് , താലൂക്ക് ആശുപത്രിയിലെ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണ് ഇതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും അറിയിച്ചെന്നു ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. നിലവില്‍ ദേഹമാസകലം വൃണങ്ങള്‍ ബാധിച്ചു, പൊട്ടി, തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ദ്രാവക രൂപത്തിലാണ് നല്‍കുന്നത്. കുടലിലെയും തൊലി പൊളിഞ്ഞു പോകുകയാണെന്നും വൃക്കയേയും കാഴ്ചശക്തിയെയും ബാധിച്ചേക്കാമെന്നും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി അമ്പിളി പറഞ്ഞു.
വർഷങ്ങളായി ബിജു കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. അതേസമയം ബിജുവിന് നല്‍കിയ വായുകോപത്തിന്റെ മരുന്നിന്റെ പാര്‍ശ്വഫലമാകാം ഇങ്ങനെ സംഭവിച്ചതെന്നു പ്രാഥമികമായി മനസിലാക്കുന്നെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ അനില്‍കുമാര്‍ പറഞ്ഞു. സംഭവ സമയത്തെ ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലര്‍ജി ഉള്ളതായി ബിജു ഡോക്ടറോട് പറഞ്ഞതോ, അങ്ങനെ ഡോക്ടര്‍ ചോദിച്ചതോ ആയി ചീട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.
Post Your Comments