തിരുവനന്തപുരം: തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ മന്ത്രിമാരും ആന ഉടമകളും തമ്മില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ ധാരണയായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും വി.എസ്. സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണു ചര്‍ച്ച നടന്നത്.
പൂരം നടത്തിപ്പിനെകുറിച്ച് ആശങ്ക വേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് യാതൊരു കോട്ടവും സംഭവിക്കാതെ പൂരം ഇത്തവണയും ആവേശമായി നടത്തും. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തിയാലുടനെ പൂരവും എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കടകംപള്ളി അറിയിച്ചു. തൃശൂര്‍ ജനതയ്ക്കും ആനയുടമകള്‍ക്കും ഉചിതമായ തീരുമാനം ഉടനെ കൈക്കൊള്ളുമെന്നു യോഗ ശേഷം മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു.
പ്രശ്‌നപരിഹാരത്തിന് അനുകൂലമായ നിലപാടാണ് ഉണ്ടായതെന്ന് ആന ഉടമ ഫെഡറേഷനും പ്രതികരിച്ചതോടെ തൃശൂര്‍ പൂരം എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഏറെക്കുറെ വിരാമമായി. മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് അനുകൂലമായ നിലപാടാണ് ഉണ്ടായതെന്ന് ആന ഉടമ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പൂരം തടസ്സപ്പെടുത്താന്‍ സംഘടന ശ്രമിച്ചിട്ടില്ല. കേരളത്തില്‍ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു പല വിഷമതകളും ആന ഉടമകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചര്‍ച്ചകളിലൂടെ അതു പരിഹരിക്കുകയാണു ലക്ഷ്യമെന്നും ഗണേഷ് പറഞ്ഞു. ഇന്നു തൃശൂരില്‍ ആന ഉടമകളുടെ യോഗം വീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
Post Your Comments