ഭുവനേശ്വര്‍ : രാജ്യത്തെ കാലാവസ്ഥ തകിടം മറിയുന്നു. വരാനിരിക്കുന്നത് കൊടുംചൂട്. ഫോനി സംഹാര താണ്ഡവമാടി ഒഡീഷയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കൊടുംചൂടാണ്. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒഡീഷയില്‍ ചുട്ടുപഴുക്കുന്ന കൊടുംവേനല്‍ എത്തിയിരിക്കുന്നത്. 4 പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇവിടെ വേനല്‍ക്കാലത്ത് ചുഴലിക്കാറ്റടിക്കുന്നത്. ഫോനി നാശം വിതച്ച 9 ജില്ലകളിലും വൈദ്യുതിബന്ധം തകര്‍ന്നതോടെ, കൊടുംചൂടില്‍ പൊള്ളുകയാണ് ഇവിടം.
1999 ലെ സൂപ്പര്‍ സൈക്ലോണ്‍, 2013 ലെ ഫൈലിന്‍, 2014 ലെ ഹുദ്ഹുദ്, കഴിഞ്ഞ വര്‍ഷത്തെ തിത്ലി തുടങ്ങി സമീപകാലത്തു ഒഡീഷയില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റുകളെല്ലാം ശൈത്യകാലത്തായിരുന്നു. എന്നാല്‍ വേനലിലെത്തിയ ഫോനി വൈദ്യുതിബന്ധം അപ്പാടെ തകര്‍ത്തതിന്റെ നിരാശയിലാണ് ജനങ്ങള്‍. 1976 ഏപ്രിലിലായിരുന്നു ഇതിനു മുന്‍പ്, ഒഡീഷയെ ബാധിച്ച വേനല്‍ക്കാല ചുഴലിക്കാറ്റ്.
പരമാവധി ജീവന്‍ രക്ഷിക്കാനായെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ കനത്ത വെല്ലുവിളിയാണ് സര്‍ക്കാരിനു മുന്നിലുള്ളത്. 15 ലക്ഷം വൈദ്യുതിത്തൂണുകള്‍ക്കു കേടുപറ്റിയെന്നാണ് കണക്ക്. ഇതോടെ 35 ലക്ഷം കുടുംബങ്ങള്‍ ഇരുട്ടിലായി. പുരി, ഖുര്‍ദ, കട്ടക്ക് ജില്ലകളിലാണ് ഏറ്റവുമധികം ദുരന്തം. പലയിടത്തും മരങ്ങള്‍ വൈദ്യുതിത്തൂണിലേക്കു വീണു കിടക്കുന്നു. ഇവ നീക്കം ചെയ്യുന്ന നടപടി പൂര്‍ത്തിയാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. പ്രശ്‌നങ്ങള്‍ കുറഞ്ഞ ഭുവനേശ്വറില്‍ പോലും മേയ് 12നേ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുവെന്നാണു സര്‍ക്കാര്‍ പറയുന്നത്. മറ്റിടങ്ങളില്‍ പിന്നെയും വൈകും.
Post Your Comments