കൊല്ലം: എസ്എസ്എല്‍സി ഫലം സംബന്ധിച്ച് കൗതുകകരമായ ഏറെ സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം കൗതുകങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ വേദികളില്‍ വ്യാപകമായി പ്രചരിച്ച് നിമിഷം നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇതില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി. എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട’ എന്ന് ഒരു കാഡ്‌ബോഡില്‍ എഴുതി വൈദ്യുതി പോസ്റ്റില്‍ തൂക്കിയ ചിത്രമാണ് വൈറലായത്. കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ ചിത്രം കേറിയങ്ങ് വൈറലായി.
കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെമ്പറായ സിബി ബോണി ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. ‘മോനേ ജോഷിനെ… നിന്റെ അഡ്രസ് പറയെടാ… നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ…;’ എന്ന അടിക്കുറിപ്പോടെയായിരുന്നു സിബി ഈ ചിത്രം പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഈ മിടുക്കന്‍ ആരാണെന്ന് അന്വേഷിച്ചുള്ള ഓട്ടത്തിലായി സോഷ്യല്‍ മീഡിയ. പരീക്ഷയ്ക്ക് എത്ര എപ്ലസ് കിട്ടിയെന്ന് അന്വേഷിക്കുന്ന മലയാളികളുടെ ഇന്നത്തെ മനോഭാവത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു ഈ വിദ്യാര്‍ത്ഥിയുടെ പോസ്‌ററ്. അതിനാല്‍ തന്നെ നിരവധി പേരാണ് ജോഷിന് അഭിനന്ദനവുമായി എത്തിയത്.
എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഈ അന്വേഷണത്തിന് ഫലം ഉണ്ടായി എന്നാണ് പോസ്റ്റ് ആദ്യം പങ്കുവെച്ച മെമ്പര്‍ സിബി ബോണി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. നമ്മുടെ മുത്ത് ജോഷിനെ കണ്ടുപിടിച്ചേ… കണ്ടുപിടിച്ചതിന് താങ്ക്‌സ് വിശ്വപ്രഭ സര്‍, സമ്മാനം സ്പോണ്‍സര്‍ ചെയ്തവര്‍ കമന്റ് ബോക്സില്‍ വരൂ… അടുത്ത ദിവസം അവന്റെ വീട്ടില്‍ തള്ളിക്കേറി ചെല്ലും…’. എന്ന് ഇവര്‍ പുതിയ പോസ്റ്റ് ഇട്ടു.
ഈ പോസ്റ്റ് എഴുതി വൈറലായ എസ്എസ്എല്‍സി ജേതാവിന്റെ പേര് ജോഷിന്‍ ജോയ് എന്നാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച്എസിലെ വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. മലയാളം ഫസ്റ്റിനും ഹിന്ദിക്കും ബി പ്ലസ് നേടിയ ജോഷിന് മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും എയാണുള്ളത്. ബാക്കി ആറ് വിഷയങ്ങള്‍ക്കാണ് ജോഷിന്‍ എപ്ലസ് നേടിയത്.
Post Your Comments