തൃശ്ശൂര്‍: ഡോക്ടറുടെ ചികിത്സാ പിഴവ് മൂലം ബാലികയ്ക്ക് കാഴ്ച നഷ്ടമായെന്ന് പരാതി. പട്ടിക്കാട് സ്വദേശിയായ സോന എന്ന ആറുവയസുകാരിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്.ജൂബിലി മിഷന്‍ ആശുപത്രിയിലാണ് കുട്ടി ചികിത്സ നടത്തിയത്. എന്നാൽ കാഴ്ച നഷ്ടപ്പെട്ടതോടെ കുട്ടി ഇപ്പോള്‍ തൃശ്ശൂര്‍ മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 18-നാണ് കളിക്കുന്നതിടിനെ സോനയുടെ ബോധം പെട്ടെന്ന് നഷ്ടപ്പെട്ടത്. തുടർന്ന് സോനയെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന് അതിനുള്ള മരുന്നുകളും കുട്ടിക്ക് നല്‍കി തുടങ്ങി. എന്നാല്‍ രണ്ട് ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ്‍പോളകള്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി.
തുടർന്ന് കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി. എന്നാൽ ഡിസ്ചാര്‍ജ് സമ്മറിയില്‍ ഒന്നും കുട്ടിയ്ക്ക് അപസ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിക്ക് പിടിപെട്ടതെന്ന് പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി.
എന്നാല്‍ കുഞ്ഞിന് ചികിത്സയില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ പോലും ഇതൊരു അപൂര്‍വ്വ രോഗമാണെന്ന് മാത്രമാണ് പറയുന്നതെന്നും അല്ലാതെ ചികിത്സാ പിഴവിനെ കുറിച്ച് പറയുന്നില്ലെന്നും – ജൂബിലി മിഷന്‍ ആശുപത്രി സിഇഒ ഡോ.ബെന്നി ജോസഫ് വ്യക്തമാക്കി.
Post Your Comments