തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കുറഞ്ഞതിന് അച്ഛന്‍ മകനെ മണ്‍വെട്ടികൊണ്ടടിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കേസ് തന്നെ വഴിമാറി. വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയുടെ അമ്മ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
തിരുവനന്തപുരം കിളിമാനൂരില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതിന് മകനെ അച്ഛന്‍ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ച കേസില്‍ പുതിയ വഴിത്തിരിവ്. വീട്ടില്‍ അച്ഛനും അമ്മയും നിത്യവും വഴക്കായിരുന്നുവെന്നും, ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.
കിളിമാനൂര്‍ സ്വദേശി സാബുവിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. മകന് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിക്കാത്തതില്‍ അച്ഛന്‍ ണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചതെന്നായിരുന്നു പരാതി. സാബു മകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബാലാവകാശ സംഘടനകള്‍ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സംഗതി ആകെ മാറി മറിയുകയായിരുന്നു.
തുടര്‍ന്ന് കിളിമാനൂര്‍ സ്‌റ്റേഷനില്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഭാര്യ ഇന്നലെ മയപ്പെട്ടു. ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ ഭാര്യ, കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. വിഷയം ഇത്രത്തോളം ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കൂടാതെ അച്ഛനെ ജയിലില്‍ അടക്കുമെന്നറിഞ്ഞതോടെ സ്റ്റേഷനിലെത്തിയ മകനും കരച്ചിലായി.
മകന്റെ പഠന കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു സാബു. മികച്ച വിജയം നേടിയതിന് സാബു മകന് ബൈക്ക് വാങ്ങി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷയ്ക്ക് മുമ്പ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് മകനെ സാബു ഒരു തവണ അടിക്കുകയും ചെയ്തു. ഇതില്‍ കുട്ടിക്ക് പരിക്കുകള്‍ ഇല്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments