വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. പ്രതി ഷംസുദ്ദീനെ ജലീല്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്. പ്രതിയ്‌ക്കൊപ്പം ജലീല്‍ നടത്തിയ യാത്രകളും മന്ത്രിയുടെ ഔദ്യോഗിക യാത്രകളില്‍ പോലും ഷംസുദ്ദീന്‍ ഒപ്പം പോയതിന്റേയും ഉള്‍പ്പെടെ ചിത്രങ്ങള്‍ വിടി ബല്‍റാം എംഎല്‍?എ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന അധികാര നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലൈംഗിക വൈകൃതം ബാധിച്ചവര്‍ അധികാരത്തിന്റെ തണല്‍ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങള്‍ക്ക് ഒന്നേ നിറമുള്ളു. കടുത്ത സ്ത്രീവിരുദ്ധതയുടെ നിറമാണത്.
പീഡനം നടത്തുന്നവരെ, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെ പക്ഷം നോക്കി സംരക്ഷിക്കുന്ന രീതിയാണ് ഏതു ഭരണകൂടവും എല്ലാക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്. സ്ത്രീ വര്‍ഗ്ഗത്തെ അപമാനിക്കാത്ത ഒരു ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും ഇവിടെയില്ല. ഒന്നിനെത്തന്നെയാണ് രണ്ടായും മൂന്നായും ഒക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആണ്‍ശരീരത്തിനുള്ളില്‍ ആ ശത്രു കുടി കൊള്ളുന്നിടത്തോളം സ്ത്രീക്ക് ഈ യുദ്ധം തുടരുക തന്നെ വേണ്ടി വരും.
ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍, മറ്റു കുറെ സ്ത്രീകളുടെ പേരെഴുതി അവരെവിടെ, അവരുടെ നാവെവിടെ എന്നു ചോദിച്ചു വരുന്നവരോടാണ് പറയുന്നത്. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയമല്ലേ? പെണ്‍കുട്ടികള്‍ക്കു വേണ്ടി, സ്ത്രീ നീതിക്കുവേണ്ടി തലതല്ലി പൊളിക്കേണ്ടത് ‘ചില ‘സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന നിങ്ങളുടെ അലസതക്കും കുബുദ്ധിക്കും നീചരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഒരു പീഡകന് കൊടുക്കുന്ന അതേ മാന്യത മാത്രമേ നല്‍കാനാകൂ. നെഞ്ചില്‍ കിഞ്ചില്‍ കിടയ്ക്കും ആ കുടിലതക്കൊന്നു വേറേ തൊഴുന്നേന്‍.
സമഗ്രമായ ഒരു പൊതു ഇടപെടലിലൂടെയല്ലാതെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും തലയിട്ടടിച്ചു ബഹളമുണ്ടാക്കേണ്ടി വരുന്നു സ്ത്രീകള്‍ക്ക്. അങ്ങനെ ഒച്ചവെച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകളെത്തന്നെയാണ്‌ല്ലോ പിന്നെയും പിന്നെയും നിങ്ങള്‍ കുറ്റപ്പെടുത്തുന്നത്. നിങ്ങള്‍ ആണുങ്ങളുടെ നീചമായ രാഷ്ട്രീയ വൈരം നിലനില്‍ക്കുന്നിടത്തോളം ഇവിടെ ഇരകളായ സ്ത്രീകളും അവര്‍ക്കൊപ്പം നിന്നു പ്രതികരിക്കുന്ന സത്രീകളും കൂടുതല്‍ കൂടുതല്‍ യുദ്ധസജ്ജരാവുകയാണ്.
ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായിത്തന്നെ സ്ത്രീപീഡകരാണ് നിങ്ങളും. സ്ത്രീയുടെ ഛിന്നഭിന്നമാക്കപ്പെടുന്ന ആത്മാഭിമാനവും ലൈംഗികതയും രാഷ്ട്രീയായുധമാക്കുന്നവരെ ആരെയും ഞാന്‍ വെറുക്കുന്നു, ഭയക്കുന്നു. നിങ്ങള്‍ക്കെതിരെ കൂടിയാണ് ഞങ്ങളുടെ യുദ്ധം.
Reference, സാഹചര്യം ഒക്കെ കമന്റ് ബോക്‌സിലുണ്ട്
എസ്.ശാരദക്കുട്ടി.
https://www.facebook.com/saradakutty.madhukumar/posts/2481762901836954
Post Your Comments