തൃശൂര്‍: ലോകപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. പൂരാവേശം വാനോളമുയര്‍ത്തി മൂന്ന് കാഴ്ചപ്പന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. 13, 14 തീയതികളിലാണ് തൃശൂര്‍ പൂരം അരങ്ങേറുക. തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ ഘടകമാണ് രണ്ടു ദേശങ്ങളുടെ മൂന്ന് കാഴ്ച്ചപ്പന്തലുകള്‍. മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലിലും നായ്ക്കനാലിലും തിരുവമ്പാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.
കഴിഞ്ഞ 26നാണ് പാറമേക്കാവ് പന്തലിന് കാല്‍നാട്ടിയത്. 28ന് തിരുവമ്പാടിയും പന്തലിന് കാല്‍നാട്ടി. പന്തലിന്റെ നിര്‍മാണ പുരോഗതിക്കൊപ്പം തൃശൂരുകാരുടെ പൂരാവേശവും ഉയരുമെന്നാണ് പഴമൊഴി. വരുന്ന ശനിയാഴ്ച സാമ്പിള്‍ വെടിക്കെട്ടിന് മുമ്പ്് മൂന്ന് പന്തലുകളും മിഴിതുറക്കും. പന്തല്‍ നിര്‍മാണംകൊണ്ട് ഗതാഗതക്കുരുക്കില്ലാതെ നിര്‍വഹിക്കാന്‍ സാധിച്ചു എന്നുള്ള പ്രത്യേകതയും ഈ വര്‍ഷത്തെ പൂരത്തിന് അവകാശപ്പെടാനുണ്ട്. 75 പേരടങ്ങിയ സംഘമാണ് 80 അടിയോളം ഉയരമുള്ള ഈ വിസ്മയപ്പന്തലുകള്‍ ഒരുക്കുന്നത്.
Post Your Comments