ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. അതേസമയം ഫോനി മൂലം ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
അതേസമയം ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.
പുരിയില്‍നിന്നു തീര്‍ഥാടകരേയും വിനോദസഞ്ചാരികളേയും ഒഴിപ്പിക്കുന്നതിനു മൂന്നു സ്പെഷല്‍ ട്രെയിനുകളാണു സര്‍വീസ് നടത്തിയത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പുരിയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കു മുന്‍പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു.
Post Your Comments