Election NewsKeralaLatest News

കള്ളവോട്ട് സംഭവം; പിടിക്കപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: തെരഞ്ഞഎടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കണ്ണൂര്‍ കല്യാശേരി പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 2 പോളിങ് ബൂത്തുകളില്‍ 3 പേര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ സംസ്ഥാനത്ത് കള്ളവോട്ടു കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഏഴായി. ഇവര്‍ക്കെതിരെ കേസ് എടുക്കും.

മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ് എന്നിവര്‍ 2 തവണ വീതവും കെ.എം. മുഹമ്മദ് 3 തവണയും 69, 70 ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്നാണു കലക്ടറുടെ റിപ്പോര്‍ട്ട്. മുഹമ്മദ് രണ്ടാമതു ചെയ്തതു സഹായി വോട്ടാണ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ നിര്‍ദേശപ്രകാരമാണു മൂന്നാം വോട്ട്് ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി. ഈ ഏജന്റിനെതിരെയും നടപടി സ്വീകരിക്കും. മൊഴി നല്‍കാതെ ഗള്‍ഫിലേക്കു കടന്ന അബ്ദുല്‍ സമദിനെതിരെ വാറന്റ് പുറപ്പെടുവിക്കും.

കെ.എം. ആഷിഖ് 2 തവണ ബൂത്തില്‍ പ്രവേശിച്ചെങ്കിലും ഒരു തവണ വോട്ട് ചെയ്യുന്നതേ കണ്ടെത്തിയിട്ടുള്ളൂ. ഇയാള്‍ രണ്ടാം വോട്ട് ചെയ്‌തോ എന്നു വിശദമായി അന്വേഷിക്കാനാണു കാസര്‍കോട് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നല്‍കിയ പരാതിയിലെ നാലാമന്റെ കാര്യം കൂടുതല്‍ പരിശോധിച്ചു വ്യക്തത വരുത്താന്‍ കാസര്‍കോട് കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയങ്ങാടി ബൂത്തിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചു. കുറ്റക്കാരെങ്കില്‍ ഇവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും. ക്രമക്കേട് അറിഞ്ഞിരുന്നില്ലെന്നും 4 മണിക്കു ശേഷം നല്ല തിരക്കായിരുന്നുവെന്നുമാണു പ്രിസൈഡിങ് ഓഫിസറും ഒന്നു മുതല്‍ മൂന്നുവരെ പോളിങ് ഓഫിസര്‍മാരും മൊഴി നല്‍കിയത്. ടിവി ക്ലിപ്പിങ്ങുകളും വിഡിയോയും പരിശോധിച്ചാണു കലക്ടര്‍ ക്രമക്കേട് കണ്ടെത്തിയത്. സെക്ടറല്‍ ഓഫിസറുടെയും ബൂത്ത് ലവല്‍ ഓഫിസറുടെയും സഹായത്തോടെ ആരോപണവിധേയരെ തിരിച്ചറിഞ്ഞു.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെയും മൊഴിയെടുത്തു. സംസ്ഥാനത്ത് കള്ളവോട്ടു കേസില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോള്‍ ഏഴായി. കണ്ണൂര്‍ പിലാത്തറ എയുപി സ്‌കൂളില്‍ കളളവോട്ട് ചെയ്തതിനു പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നും തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്തതിന് ഒന്നും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. എല്ലാവര്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയുമാണു ലഭിക്കാവുന്ന ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button