COVID 19Latest NewsKeralaNewsIndia

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തും

തിരുവനന്തപുരം:  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി എം. എൽ. എമാരെ മുൻകൂട്ടി അറിയിക്കും.

തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറായി സംസ്ഥാന സർക്കാർ നിയോഗിച്ച പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ എന്നിവർ യോഗം ചേർന്നിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ചുമതല പുനീത്കുമാറിനാണ് നൽകിയിരിക്കുന്നത്. നിയമസഭാ സെക്രട്ടറിയുമായി ചേർന്ന് ഇതിനാവശ്യമായ നടപടി അദ്ദേഹം സ്വീകരിക്കും. ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിലാണെങ്കിലോ നേരിട്ട് വരാൻ കഴിയാത്ത സ്ഥിതിയിലാണെങ്കിലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം റിട്ടേണിംഗ് ഓഫീസർ ഒരുക്കണം. ഇത്തരത്തിൽ ലഭിക്കുന്ന വോട്ട് പ്രത്യേകം സൂക്ഷിക്കുകയും അണുമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുകയും വേണം. കോവിഡ് പോസിറ്റീവ് ആയവർ, ക്വാന്റീനിലുള്ളവർ, രോഗം സംശയിക്കുന്നവർ തുടങ്ങിയവരെല്ലാം വിവരം മുൻകൂട്ടി റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.

കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് വൈകിട്ട് നാലു മണിക്കും അഞ്ചു മണിക്കുമിടയിൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഒരുക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്നവർ, ക്വാറന്റീനിലുള്ള രോഗലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിങ്ങനെയുള്ളവർക്ക് വോട്ടു ചെയ്യുന്നതിനായി മൂന്ന് പ്രത്യേക ചേംബറുകൾ ഒരുക്കും. പി.പി.ഇ കിറ്റ്, കോട്ടൺ മാസ്‌ക്ക്, കൈയുറ, സാനിറ്റൈസർ തുടങ്ങി ആവശ്യമായ സാധനങ്ങൾ ഒരുക്കാൻ റിട്ടേണിംഗ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ വേണ്ട സാധനങ്ങളുടെ വിശദാംശങ്ങൾ നോഡൽ ഓഫീസറെയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും റിട്ടേണിംഗ് ഓഫീസർ മുൻകൂട്ടി അറിയിക്കണം.

തിരഞ്ഞെടുപ്പ് നടക്കുന്ന മുറികളിൽ എ.സി ഉപയോഗിക്കില്ല. വായു സഞ്ചാരത്തിനായി ജനാലകൾ തുറന്നിടും. റിട്ടേണിംഗ് ഓഫീസറുടെ മുറിയും പോളിംഗ് മുറിയും കൗണ്ടിംഗ് മുറിയും അനുബന്ധ മുറികളും പൂർണമായി സാനിറ്റൈസ് ചെയ്യും. കോവിഡ് 19 സംശയിക്കുന്ന അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തുമ്പോൾ പി.പി.ഇ കിറ്റ്, കൈയുറകൾ, എൻ 95 മാസ്‌ക്ക് എന്നിവ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ധരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥർക്കും മാനദണ്ഡം അനുസരിച്ചുള്ള പരിശീലനം നൽകും. ഇതിനാവശ്യമായ നടപടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിക്കും. തെർമൽ സ്‌കാനർ ഉപയോഗിക്കുന്ന വിധം, പി.പി.ഇ കിറ്റ് ധരിക്കുന്നത്, ഇവ അഴിച്ചു മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ടത്, ഉപയോഗിച്ച കൈയുറകൾ മാറ്റുന്നത്, മാസ്‌ക്ക് ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകും. നാമനിർദ്ദേശ പത്രിക സമർപ്പണം, പത്രികയുടെ സൂക്ഷ്മ നിരീക്ഷണം, പത്രിക പിൻവലിക്കൽ, തിരഞ്ഞെടുപ്പ് തുടങ്ങിയ ദിവസങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സാന്നിധ്യം ഉറപ്പാക്കും. ആന്റിജൻ പരിശോധന നടത്തുന്നവിനുള്ള സംവിധാനവും ഒരുക്കും.

വോട്ട് ചെയ്യാനെത്തുന്നവരും ഡ്യൂട്ടിക്കെത്തുന്നവരും മാസ്‌ക്ക് ധരിക്കണം. തെർമൽ സ്‌കാനിംഗ് സംവിധാനവും ഉണ്ടാവും. എല്ലാവരും സാമൂഹ്യാകലം പാലിച്ചു വേണം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കേണ്ടത്. കാലുപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ സ്റ്റാൻഡ് പ്രവേശന കവാടങ്ങളിലുണ്ടാവും. തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പി.പി.ഇ കിറ്റ്, സർജിക്കൽ ഫേസ് മാസ്‌ക്ക്, കൈയുറ എന്നിവ ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button