അമ്പലപ്പുഴ: തകഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അമ്പിളിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഭര്‍ത്താവ് രാജേഷിന്റെ പരാതിയിന്‍മേലാണ് തുടര്‍നടപടി സ്വീകരിച്ചത്. പരിശോധന ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.
അമ്പിളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ് രാജേഷ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെയോടെ പോസ്റ്റുമാര്‍ട്ടം നടത്തി പിതാവിന് വിട്ടുകൊടുത്തു. വൈകിട്ടോടെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തകഴിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ അമ്പിളി ഭവനില്‍ (വേലി പറമ്പ്) തങ്കപ്പന്റെ മകള്‍ അമ്പിളി (43) കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തകഴി യില്‍ എത്തിച്ച് സംസ്‌ക്കരിക്കാന്‍ തയ്യാറെടുത്തപ്പോള്‍ ഭര്‍ത്താവ് രാജേഷ് പരാതിയുമായി അമ്പലപ്പുഴ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മരണത്തിന് പിന്നില്‍ അച്ഛന്‍ തങ്കപ്പനും, രണ്ടാനമ്മയുമാണെന്നു കാട്ടിയാണ് രാജേഷ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയായിരുന്നു രാജേഷിന്റെ പരാതി.
അമ്പിളി മരിച്ച വിവരം രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയില്‍ എത്തിയ ശേഷം
അയല്‍വാസികള്‍ പറഞ്ഞാണ് രാജേഷ് വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അമ്പിളിയുടെ തകഴിയിലെ വീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷം മുന്‍പ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി തങ്കപ്പന്‍, രാജേഷിനെ ഇറക്കിവിടുകയും അമ്പിളിയെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രാജേഷ് കാക്കാഴത്തെ വീട്ടില്‍ താമസമാക്കി. ഇടക്കിടെ അപസ്മാര രോഗം വരുന്ന അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചികിത്സ നല്‍കാതിരിക്കുകയും അമ്പിളിയെ രാജേഷിനെ കാണുവാന്‍ സമ്മതിക്കാതെ രണ്ടാനമ്മയും, തങ്കപ്പനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു.
Post Your Comments