പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ് സംവിധാനങ്ങള്‍കൂടി ജില്ലാതലത്തില്‍ ഉണ്ടാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ദുരന്തമുണ്ടായാല്‍ ആ സമയത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ ജില്ലാതലത്തില്‍ ഓരോ വകുപ്പിനും ഉണ്ടാവണം. എവിടെയാക്കെ ക്യാമ്പുകള്‍ ആരംഭിക്കാം, അവിടെ എന്തൊക്കെ നടപടികള്‍ അതത് വകുപ്പുതലങ്ങളില്‍ സ്വീകരിക്കാനുണ്ട്, രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും തയാറാക്കണം. ഉപകരണങ്ങളുടെ കാലപ്പഴക്കം, പ്രവര്‍ത്തനക്ഷമമാണോ, ഇവ എവിടെ, ആരുടെ കീഴിലാണ് സൂക്ഷിക്കുന്നത് എന്നതു സംബന്ധിച്ച പട്ടികയും തയാറാക്കണം.
ഓരോ വകുപ്പിലെയും ചുതമലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ടെലിഫോണ്‍, ഇ-മെയില്‍ വിവരങ്ങളും അടങ്ങിയ പട്ടിക പുതുക്കിവയ്ക്കണം. ഫോണ്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണം. ജില്ലാ തലങ്ങളില്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഉണ്ടാവണം. ഈ കേന്ദ്രത്തിന് സ്ഥിരം നമ്പരുണ്ടാവണം. ഏതെങ്കിലും ഒരു വ്യക്തിയുടേയോ ഉദ്യോഗസ്ഥന്റെയോ ആകരുത്. വാട്‌സ്ആപ് സൗകര്യം ഈ നമ്പരില്‍ ഉണ്ടാവണം. ദുരന്ത നിവാരണ അതോറിട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിക്കണം.
സ്വകാര്യമേഖലയില്‍നിന്നും സഹായം തേടേണ്ടിവരുമെങ്കില്‍ അത് എവിടെയൊക്കെ ലഭ്യമാക്കാന്‍ പറ്റുമെന്നതും തയാറാക്കണം. കഴിഞ്ഞ വര്‍ഷത്തെ നൂറ്റാണ്ടിലെ വെള്ളപ്പൊക്ക സമയത്ത് തിരുവല്ല ഭാഗത്തുമാത്രം 1600 ല്‍ പരം സ്വകാര്യ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അവയുടെ വിവരവും രേഖപ്പെടുത്തിവയ്ക്കണം. ഹെലികോപ്ടര്‍ ഇറങ്ങാന്‍ സൗകര്യമുള്ള കുടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തണം. കുറഞ്ഞത് 30 പ്രദേശമെങ്കിലും ഇതിനായി കണ്ടെത്തണം. വരള്‍ച്ച സംബന്ധമായതിനു പുറമേ തീപിടിത്തം, ഉരുള്‍പൊട്ടല്‍ എന്നിവയിലും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Post Your Comments