
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് ദൂരം കുറയ്‌ക്കണമെന്ന ഓപ്പറേഷന്‍ വിഭാഗം മേധാവിയുടെ ഉത്തരവ് മരവിപ്പിച്ചു. ഫാസ്റ്റ് ബസുകള്‍ രണ്ടിലധികം ജില്ലകള്‍ക്ക് അപ്പുറത്തേക്ക് സര്‍വീസ് നടത്തേണ്ട എന്ന ഓപ്പറേഷന്‍ മേധവി ഷറഫ് മുഹമ്മദിന്റെ ഉത്തരവാണ് അപ്രോയോഗികമായ ഉത്തരവ് നടപ്പാക്കിയാല്‍ സര്‍വീസുകളാകെ താളം തെറ്റുമെന്നും യാത്രാ ക്ളേശം വര്‍ദ്ധിക്കുമെന്നുമുള്ള ഡിപ്പോ മേധാവികളുടെ നിർദേശത്തെ തുടർന്ന് റദ്ദാക്കിയത്.
ബസുകളുടെ കൂട്ടയോട്ടം തടയാനാണ് ഫാസ്റ്റുകളുടെ ദൂരപരിധി നിശ്ചയിക്കാന്‍ തീരുമാനിച്ചതെന്നാണ് ഓപ്പറേഷന്‍ മേധാവിയുടെ വാദം.ചില ഫാസ്റ്റുകള്‍ മൂന്നും നാലും ജില്ലകളിലൂടെ പോകുന്നുണ്ട്. ഇതില്‍ ചില ജില്ലകളില്‍ പത്തില്‍ താഴെ കിലോമീറ്ററാണ് ഓടുന്നത്. ഇവയെ ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്നാണ് ഇന്നലെ ഡിപ്പോമേധാവികളുടെ യോഗത്തിൽ വിലയിരുത്തിയത്. ഗ്രാമങ്ങളില്‍ നിന്നുള്ള ചില ബസുകളും മൂന്നും നാലും ജില്ലകള്‍ കടന്നു പോകുന്നവയാണ്. ഇവ പിൻവലിച്ചാൽ യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. അതിനായി ഡിപ്പോമേധാവികളുടെ യോഗം വിളിച്ചപ്പോള്‍ ഉത്തരവ് അപ്രായോഗികമാണെന്ന് അവര്‍ വ്യക്തമാക്കുകയായിരുന്നു.
Post Your Comments