ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നുറപ്പാണ്. തോൽവിയുടെ ആഘാതം എത്രയെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെന്നേ ഉള്ളൂ. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ അറിവിലേക്കായി ചില നിർദ്ധേശങ്ങൾ നൽകുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
പത്ത് കൽപ്പനകൾ
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിസൽട്ട് വരുമ്പോൾ സി.പി.എമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നുറപ്പാണ്. തോൽവിയുടെ ആഘാതം എത്രയെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെന്നേ ഉള്ളൂ. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ അറിവിലേക്കായി ചില നിർദ്ധേശങ്ങൾ സമർപ്പിക്കുകയാണ്. കാരണം സി.പി.എം മുഴക്കിയ കോൺഗ്രസ് മുക്ത ഭാരതം, ലീഗില്ലാത്ത പാർലമെന്റ് എന്നീ മുദ്രാവാക്യങ്ങൾ പോലെ സി.പി.എം ഇല്ലാത്ത കേരളമെന്ന മുദവാക്യത്തിൽ വിശ്വസിക്കാത്ത ഒരു പൊതു പ്രവർത്തകനാണ് ഞാൻ.
നിർദ്ധേശങ്ങൾ ഇവയാണ്
1. ശ്രീ. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുമെങ്കിലും കേരളം പോലെ അങ്ങേയറ്റം ജനാധിപത്യ ബോധമുള്ള ഒരു നാടിന് ഒട്ടും ചേർന്നതല്ല. മെയ് 23 ന് ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ശ്രീ. തോമസ് ഐസക്കിനെ മുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിക്കണം.
2. പാർട്ടിയുടെ നിലപാട് പറയേണ്ടത് നേതൃത്വത്തിലിരിക്കുന്നവരായിരിക്കണം. അല്ലാതെ ഫെയിസ് ബുക്ക് സെലിബ്രിറ്റികളാവരുത്. ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. ഒരു ഇഷ്യു വന്നാൽ പാർട്ടിയുടെ നിലപാട് അറിയാൻ പാർട്ടി പ്രവർത്തകർ പോലും ഉറ്റു നോക്കുന്നത് പാർട്ടി സെക്രട്ടറിയിലേക്കാ ഉത്തരവാദപ്പെട്ട നേതാക്കളിലേക്കോ അല്ല മറിച്ച് പാർട്ടിയുടെ ഒരു തലത്തിലും ഭാരവാഹി അല്ലാത്ത ഫെയിസ്ബുക്ക് സെലിബ്രിറ്റികളുടെ വാളിലേക്കാണ്.
3. പാർട്ടിയെ ഒരു പണക്കാരനും വിൽപ്പനച്ചരക്കാക്കാൻ അനുവദിക്കരുത്. പി.വി അൻവർ എന്ന പണക്കാരൻ നിലമ്പൂരിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. വിജയിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്? എന്നെ വിജയിപ്പിച്ചതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന്! എന്നിട്ടും പാർട്ടി പഠിച്ചില്ല. പൊന്നാനിയിൽ ലോക്‌സഭയിലേക്കും മത്സരിപ്പിച്ചു. എന്നിട്ടദ്ധേഹമെന്താണ് ചെയ്തത്? ഘടക കക്ഷിയായ സി.പി.ഐയെ പഞ്ഞിക്കിട്ടു. വോട്ടിന്റെയും നോട്ടിന്റെയും എണ്ണം കുറവാണെങ്കിലും അവരും ഒരു ഘടകകക്ഷിയല്ലേ! സുഖത്തിലും ദുഖത്തിലും പാർട്ടിയുടെ കൂടെ നിന്നവരല്ലേ ആ ഒരു പരിഗണനയെങ്കിലും അവരോട് കാണിക്കേണ്ടതല്ലേ? അതു കൊണ്ടാണ് പറഞ്ഞത് പാർട്ടി ഒരാളുടെയും പണം കണ്ട് മഞ്ഞളിക്കുന്നവരാവരുത്.
4. ചില ചാനലുകളിൽ ജോലി ചെയ്യുന്ന എസ്.എഫ്.ഐ പിള്ളേരല്ല ജനം എന്ന് പാർട്ടി മനസ്സിലാക്കണം. അധികാരത്തിലേറ്റാൻ മാത്രമല്ല അവിടെ നിന്ന് താഴെ ഇറക്കാനും അവിടെ നിന്ന് കണ്ടം വഴി ഓടിക്കാനുമൊക്കെ സൂപ്പർ പവറുള്ള ഒരു വിഭാഗത്തിനെയാണ് ജനം എന്ന് വിളിക്കുന്നതെന്ന സത്യം നേതൃത്വത്തിലിരിക്കുന്നവർ തിരിച്ചറിയണം.
5. കള്ള വോട്ടും കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കണം. ജനാധിപത്യത്തെ മാനിക്കണം, അത് ഉൾക്കൊള്ളണം. അതിനനുസരിച്ച് പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം.
6. അഴിമതിയും സ്വജന പക്ഷപാതവും നടത്തിയ ടി.പി രാമകൃഷ്ണൻ(ബ്രുവെറി), കെ.ടി ജലീൽ(ബന്ധു നിയമനം), എ.കെ ബാലൻ(സ്വജന പക്ഷപാതം) എന്നിവരെ മെയ് 23ന് ശേഷം രാജി വെപ്പിക്കണം. അത് വഴി അത്തരക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശം നൽകണം. അടുത്ത മന്ത്രി സഭയിലുള്ളവർക്കും അതൊരു പാഠമാകണം.
7. ആർ.എസ്.എസ്സുകാരെ പോലെ വർഗ്ഗീയ പരാമർശം നടത്തുന്നവരെ പടിക്ക് പുറത്താക്കണം. അതിന്റെ ആദ്യ പടി എന്ന നിലയിൽ മലപ്പുറത്തിന്റെ ഉള്ളടക്കം വർഗ്ഗീയമാണെന്ന് പറഞ്ഞ കടകം പള്ളിയെയും യോഗിസ്റ്റൈൽ അനുകരിച്ച എൻ.എൻ കൃഷ്ണദാസിനെയും പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യണം. അങ്ങനെ ആർ.എസ്.എസ്സും സി. പി. എമ്മും രണ്ട് പാർട്ടിയാണെന്ന് ജനത്തെ ബോധ്യപ്പെടുത്തണം.
8. കണ്ണൂർ ലോബിയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കണം. വടകരയിലെ പി.ജയരാജന്റെ തോൽവിക്ക് ശേഷം പാർട്ടിയിൽ ഒരു സ്ഥാനവും നൽകരുത്.
9. കൊടിയേരി ബാലകൃഷ്ണനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണം. പകരം എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിന്നും തോൽക്കുന്ന പി. രാജീവിനെ സെക്രട്ടറിയാക്കണം.
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്,
10. പോരാളി ഷാജിമാർക്ക് ഈ പോസ്റ്റ് വായിക്കുമ്പോൾ എന്നെ തെറി പറയാൻ തോന്നുമെങ്കിലും മെയ് 23 ന് രാത്രി ഇത് വീണ്ടും വായിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല ആശയമായി തോന്നും. അപ്പോൾ മുകളിൽ പറഞ്ഞ 9 കാര്യങ്ങളും ഒരു കാരണവശാലും മറക്കാൻ പാടില്ല.
ഇതൊക്കെ ലീഗുക്കാരനായ ഞാനെന്തിന് പറയുന്നു എന്നല്ലേ? തുടക്കത്തിൽ പറഞ്ഞ കാരണത്തിന് പുറമേ മറ്റൊരു കാരണം കൂടിയുണ്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടി നാമാവശേഷമാകുന്നതിനു മുമ്പുള്ള കാലത്തെ എല്ലാ സൂചനകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കാണിക്കുന്നുണ്ട്. ബംഗാളും ത്രിപുരയും ഇവിടെ ആവർത്തിക്കരുത്. അവിടങ്ങളിൽ സി.പി.എം കേഡർമാരെ ഓടിച്ചിട്ട് തല്ലുമ്പോൾ ജനം കയ്യും കെട്ടി നോൽക്കാനുള്ള കാരണം അധികാരത്തിലിരിക്കുമ്പോൾ അത്രയും ദ്രോഹിച്ചത് കൊണ്ടാണ്. ഇവിടെയും ആ സ്ഥിതി ഉണ്ടാക്കരുത്.
Post Your Comments