പത്തനംതിട്ടയിലെ ജനങ്ങളുടെ സ്നേഹവും ആദരവും ആവോളം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രൻ. പല യോഗങ്ങളിലും അദ്ദേഹത്തിന് ലഭിച്ചത് വളരെയേറെ വികാരപരമായ സ്വീകരണമാണ്. ശബരിമല വിഷയത്തിൽ തങ്ങൾക്ക് വേണ്ടി ജയിലിൽ കിടന്ന സുരേന്ദ്രനെ പത്തനംതിട്ടയിലെ അമ്മമാർ കണ്ടത് തങ്ങളുടെ സ്വന്തം മകനായാണ്. മിക്ക പൊതുയോഗങ്ങളിലും സുരേന്ദ്രനെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മമാരെയും പ്രായമായ പുരുഷന്മാരെയും കാണാൻ കഴിഞ്ഞു.
ഒരു മണ്ഡലത്തിലെ ജനതയിൽ നിന്ന് ഇത്രയേറെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങിയ ഒരു സ്ഥാനാർഥി ഉണ്ടോയെന്ന് തന്നെ സംശയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെങ്കിലും പത്തനംതിട്ടയിലെ ജനങ്ങളുടെ സ്നേഹവലയത്തിൽ നിന്ന് ഇപ്പോഴും സുരേന്ദ്രൻ മുക്തനായിട്ടില്ല. അവരുടെ സ്നേഹത്തെ കുറിച്ചും തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും ഓർക്കുകയാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടെ.
അതിനടിയിൽ സിപിഎം സൈബർ സേനയും, കൊണ്ഗ്രെസ്സ് ഇതര പാർട്ടി അനുഭാവികളും സുരേന്ദ്രൻ ഇപ്പോഴേ തോൽവി ഉറപ്പാക്കി എന്ന രീതിയിൽ കമന്റിടുകയും ചെയ്തു. ഇതിനും അദ്ദേഹം മറുപടി നൽകി, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നും സുരേന്ദ്രൻ അവർക്ക് മറുപടി നൽകി. പോസ്റ്റിന്റെ പൂർണ്ണ രൂപം:
ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ല. വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്.
പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ….
Post Your Comments