ദക്ഷിണേന്ത്യയില്‍ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്‍പ്പത്തിലുള്ള പരമാത്മാവായ (പരബ്രഹ്മനായ) മഹാവിഷ്ണുവാണ്. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള ഹൈന്ദവദേവാലയവും ഇതുതന്നെയാണ്.
പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണനെ 12 ഭാവങ്ങളില്‍ ഇവിടെ ആരാധിയ്ക്കുന്നു. ഇവിടുത്തെ ചതുര്‍ബാഹുവായ ഭഗവദ്രൂപം മനുഷ്യനിര്‍മിതമല്ലെന്നും ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ നേരിട്ട് ആരാധിച്ച നാരായണസ്വരൂപമാണെന്നും സങ്കല്‍പ്പം. ശ്രീകൃഷ്ണാവതാരസമയത്ത് ദേവകിക്കും വസുദേവര്‍ക്കും കാരാഗൃഹത്തില്‍ വച്ചു ദര്‍ശനം നല്‍കിയ മഹാവിഷ്ണുരൂപമാണ് ഇതെന്നും ഭക്തര്‍ വിശ്വസിയ്ക്കുന്നു. ദുരിതങ്ങള്‍ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും മോക്ഷപ്രാപ്തിയ്ക്കും ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു. കുംഭമാസത്തില്‍ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ വൃശ്ചികമാസത്തില്‍ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തില്‍ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തില്‍ വിഷു എന്നിവയും വിശേഷമാണ്. ക്ഷേത്രത്തില്‍ ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, വനദുര്‍ഗ്ഗാഭഗവതി, മുരുകന്‍, ഹനുമാന്‍ എന്നിവര്‍ കുടികൊള്ളുന്നു.
Post Your Comments