KeralaLatest NewsElection NewsElection 2019

വടകരയിലെ ബൂത്തുകളില്‍ കള്ളവോട്ട്; പരാതിയുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: വടകരയിലെ അറുപതോളം ബൂത്തുകളില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. പ്രശ്‌നബാധിത ബൂത്തുകളായി കണ്ടു നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടും അതു ചെയ്യാതിരുന്നതിന്റെ പേരില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുരളീധരന്‍ അറിയിച്ചു. കള്ള വോട്ട് നടന്നതിന്റെ തെളിവായി ദൃശ്യങ്ങള്‍ ലഭിക്കാനായി കോടതി വഴി അപേക്ഷ നല്‍കിയിട്ടുണ്ട്. അതു ലഭിക്കുന്നതനുസരിച്ചു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും അദ്ദാഹം വ്യക്തമാക്കി.

പ്രശ്‌നബാധിത ബൂത്തുകളായി 162 എണ്ണം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തന്റെ അപേക്ഷ തള്ളുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപേക്ഷ അംഗീകരിച്ചു നടപടിയെടുക്കുകയുമാണു ചെയ്തത്. ഇതേത്തുടര്‍ന്നു കോടതിയെ സമീപിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിട്ടും കരുതല്‍ നടപടിയെടുത്തില്ല. തിരഞ്ഞെടുപ്പു കമ്മിഷന്‍, വരണാധികാരി, പൊലീസ് എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കും. എന്നാല്‍ കള്ളവോട്ടിന്റെ പേരില്‍ താന്‍ റീ പോളിങ് ആവശ്യപ്പെടില്ല.

ഇതെല്ലാം അതിജീവിച്ച് 25,000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ വടകരയില്‍ ജയിക്കുമെന്നും മുരളീധരന്‍ അറിയിച്ചു. മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ ഇക്കുറി വോട്ടിങ് യന്ത്രങ്ങള്‍ കേടായതിനു പിന്നില്‍ കേന്ദ്രത്തിന്റെ എന്തെങ്കിലും സ്വാധീനമുണ്ടോയെന്നു സംശയിക്കണമെന്നും സിപിഎം കാത്തിരിക്കുന്നത് ഇതുവരെ നേരിടാത്ത തോല്‍വിയാണെന്നും ഇന്ത്യയിലെ താലൂക്കുകള്‍ തോറും നയം മാറുന്നവരായി മാറിയ പാര്‍ട്ടിയെ ന്യൂനപക്ഷങ്ങള്‍ അപ്പാടെ കയ്യൊഴിഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button