ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സുപ്രീം കോടതി മുന്‍ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തില്‍ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി അറിയിച്ചു. മൊഴിയെടുക്കുമ്പോള്‍ അഭിഭാഷകനെ അനുവദിച്ചില്ലെന്നും സമിതിയുടെ നടപടികളില്‍ പാളിച്ച പറ്റിയെന്നും പരാതിക്കാരി പറഞ്ഞു. മൂന്നംഗസിമിതിയില് നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ല. സമിതി മൊഴിയെടുക്കലിന്റെ വിഡിയോ ചിത്രീകരിക്കുകയോ നേരത്തേ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് കൈമാറുകയോ ചെയ്യുന്നില്ലെന്നു പരാതിക്കാരി ചൂണ്ടിക്കാട്ടി. ആഭ്യന്തര സമിതിക്കു പകരം പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറഞ്ഞു
ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അംഗങ്ങളുമായ ആഭ്യന്തര അന്വേഷണ സമിതിയാണ് പീഡനപരാതി അന്വേഷിക്കുന്നത്. സമിതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ സമിതിക്കുള്ളിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്നും തന്റെ അഭിഭാഷകനു പോലും പ്രവേശനം അനുവദിക്കാത്തത് നീതിയല്ലെന്നും പരാതിക്കാരി പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള പീഡനാരോപണത്തിനു പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ. പട്നായിക്കാണ് അന്വേഷിക്കുന്നത്. മൂന്നു സത്യവാങ്മൂലങ്ങളിലൂടെ അഭിഭാഷകന് ഉത്സവ് ബെയിന്‍സ് ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ആരോപിക്കപ്പെട്ട പെരുമാറ്റദൂഷ്യത്തെക്കുറിച്ചുള്ള അന്വേഷണമല്ല ഇതെന്ന് ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞിരുന്നു.
Post Your Comments