തിരുവനന്തപുരം : പാര്‍ക്ക് ചെയ്ത കാര്‍ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു.ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ എസ്ബിഐയുടെ എതിര്‍വശത്തായിട്ടാണ് കെഎസ്‌എഫ്‌ഇ ശാസ്തമംഗലം ശാഖയിലെ ജീവനക്കാരന്‍ തന്റെ കാർ പാർക്ക് ചെയ്തത്. വൈകിട്ട് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കാർ പാർക്ക് ചെയ്ത സ്ഥലത്ത് കണ്ടില്ല.
അരമണിക്കൂര്‍ നേരം പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.പോലീസ് എത്തി പാര്‍ക് ചെയ്ത സ്ഥലവും പരിസരവും വീണ്ടും പരിശോധിച്ചപ്പോഴാണ് 100 മീറ്റര്‍ അകലെയായി വാഹനം കണ്ടെത്തുന്നത്.
ആദ്യം തിരച്ചില്‍ നടത്തുമ്പോള്‍ ഈ സ്ഥത്ത് വാഹനം ഇല്ലായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. വാഹനം പരിശോധിച്ചപ്പോള്‍ മിനിറ്റുകള്‍ക്ക് മുന്‍പാണ് വാഹനം അവിടെ കൊണ്ടുവന്നിട്ടതെന്നു മനസ്സിലായി. എഞ്ചിനും ബോണറ്റും ചൂടായിരുന്നു.
വാഹനത്തിൽനിന്ന് നഗരസഭയുടെ പാര്‍ക്കിങ് രസീത് ലഭിച്ചു. വൈകിട്ട് നാല് മണിക്കാണ് വണ്ടി പാര്‍ക് ചെയ്തിരുന്നത്. എന്നാല്‍ താന്‍ വാഹനം രാവിലെ പാര്‍ക് ചെയ്തതിന് ശേഷം സ്റ്റാര്‍ട്ട് ആക്കിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. മറ്റാരോ വാഹനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്നു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Post Your Comments