ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.9 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ ജനവിധി തേടുന്നത് പ്രമുഖരാണ്. ബിഹാറിലെ ബേഗുസരായിയില്‍ ജെഎന്‍യു സമരനായകന്‍ കനയ്യ കുമാര്‍, എതിര്‍ സ്ഥാനത്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, സെലിബ്രിറ്റി തിളക്കത്തില്‍ മുംബൈ നോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മിള മാതോംഡ്കര്‍, ഉത്തര്‍പ്രദേശിലെ കനൗജില്‍ എസ്പി തലവന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്… ഇവരെക്കൂടെ 72 മണ്ഡലങ്ങളിലായി ആകെ മത്സരിക്കുന്നത് 945 സ്ഥാനാര്‍ഥികള്‍; ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പോരാട്ടം കടുക്കുകയാണ്. 9 സംസ്ഥാനങ്ങളിലാണ് ഏപ്രില്‍ 29നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട വോട്ടെടുപ്പാണ്.
മഹാരാഷ്ട്രയില്‍ മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍, പശ്ചിമ, ഉത്തര മഹാരാഷ്ട്രയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ 3.11 കോടി സമ്മതിദായകരാണു വോട്ടു ചെയ്യാനെത്തുക. ഒഡീഷയിലെ 41 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും ഇന്നു നടക്കും. ഇവിടെ ആറു ലോക്‌സഭാ (ആകെയുള്ളത് 21) സീറ്റുകളിലേക്ക് 52 സ്ഥാനാര്‍ഥികളും 41 നിയമസഭാ (ആകെ 147) സീറ്റുകളിലേക്ക് 336 പേരുമാണു നാലാം ഘട്ടത്തില്‍ മത്സരിക്കാനുള്ളത്. ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ കൂടി വോട്ടെടുപ്പു പൂര്‍ത്തിയാകാനുണ്ട് – പട്കുരയില്‍. ഇവിടെ ബിജെഡി സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നു വോട്ടെടുപ്പ് മേയ് 19ലേക്കു മാറ്റി.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ പതിവായതോടെ ബംഗാളില്‍ ഇത്തവണ കനത്ത സുരക്ഷയാണ്. 580 കമ്പനി കേന്ദ്രസേനയെയാണു നിയോഗിച്ചിരിക്കുന്നത്. ഇതാദ്യമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് നിരീക്ഷകനെയും പ്രത്യേക നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ ഇന്നാണു രണ്ടാം ഘട്ടം. കുല്‍ഗാം ജില്ലയിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23നു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ അനന്ത്‌നാഗ് ജില്ലയായിരുന്നു ഉള്‍പ്പെട്ടിരുന്നത്. മേയ് ആറിന് ഷോപിയാന്‍, പുല്‍വാമ ജില്ലകളിലെ വോട്ടെടുപ്പ് കൂടി നടക്കുന്നതോടെ അനന്ത്‌നാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും
Post Your Comments