തൃശൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. വിദേശഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്‍വലിക്കുന്നതിനുവേണ്ടി തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത് എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. എല്‍ഡിഎഫിനെ തീര്‍ത്തും കൈ ഒഴിയുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണമായില്ലെന്നും തൃശൂര്‍ ജില്ലാ കമ്മിറ്റി വിലയിരുത്തല്‍ ഉണ്ടായി.
മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തൃശൂരില്‍ ഏശിയില്ല. കേന്ദ്രത്തില്‍ ഇടത്പക്ഷ എംപി എത്തിയത് കൊണ്ട് വലിയ കാര്യമില്ലെന്ന പൊതുബോധം മുസ്ലിം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായി. അത് യുഡിഎഫിന് അനുകൂലമായി. ഇതാണ് ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ മുരളീധരന്‍ ഒന്നാമതെത്തിയതെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി.
Post Your Comments