തൃശൂര്‍: മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ തുടങ്ങി മോഹന്‍ലാലിന്റെ മൂന്നൂറോളം കഥാപാത്രങ്ങള്‍ ക്യാന്‍വാസില്‍. ഈ മനോഹരമായ ചിത്രങ്ങള്‍ ഏത് കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികള്‍ക്കും ആസ്വാദ്യമാകുന്ന രീതിയില്‍. തൃശ്ശൂര്‍ സ്വദേശിയായ നിഖില്‍ വര്‍ണ എന്ന കലാകാരനാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ലളിത കലാ അക്കാദമിയിലാണ് പ്രദര്‍ശനം.
തൊട്ട് നോക്കിയാല്‍ തന്നെ വര ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലെ തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മൈലാഞ്ചി ഇലകള്‍ അരച്ച് വെള്ളത്തില്‍ ചാലിച്ച് ജ്യൂട്ടിലാണ് ചിത്രങ്ങള്‍ വരച്ചത്. ഇവ തൊട്ട് നോക്കിയാല്‍ തന്നെയറിയാം വരകളില്‍ വിരിയുന്നതെന്താണെന്ന്. മോഹന്‍ലാല്‍ എന്ന ഇതിഹാസ നടനെ കാഴ്ച ശക്തിയില്ലാത്തവര്‍ അറിയാതെ പോകരുത് എന്ന ചിന്തയാണ് നിഖിലിനെ പ്രദര്‍ശനമൊരുക്കാന്‍ പ്രേരിപ്പിച്ചത്. എട്ട് മാസമെടുത്താണ് 333 ചിത്രങ്ങള്‍ നിഖില്‍ പൂര്‍ത്തിയാക്കിയത്. എല്‍എല്‍ബി ബിരുദധാരിയായ നിഖില്‍ ഫാഷന്‍ രംഗത്തെ താല്‍പര്യം മൂലം സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറാണ്.
Post Your Comments