തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നു എന്ന ആരോപണം തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീ പോളിങ് നടത്തേണ്ടി വരും. കള്ളവോട്ട് ചെയ്തവര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചു ക്രിമിനല്‍ കേസ് എടുക്കും. റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ സിഇഒയുടെ ശുപാര്‍ശയോടെ ഫയല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റീപോളിങ്ങും ക്രിമിനല്‍ കേസും അടക്കമുള്ള നടപടികള്‍. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, കള്ളവോട്ട് ചെയ്തു തിരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്യുക.
പരാതി ലഭിച്ച സാഹചര്യത്തില്‍ വരണാധികാരികളായ കലക്ടര്‍മാരോടു സിസിടിവി ദൃശ്യങ്ങള്‍ സഹിതമുള്ള അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ നിര്‍ദേശം നല്‍കി. മണ്ഡലങ്ങളുടെ ചുമതലയുള്ള എആര്‍ഒമാരോടും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. പ്രതിനിധികള്‍ കള്ളവോട്ട് ചെയ്‌തെന്നു തെളിഞ്ഞാല്‍ അയോഗ്യരാക്കും. കള്ളവോട്ട്് സംബന്ധിച്ചു കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ കമ്മിഷന്‍ പരിശോധിക്കുമെന്നു മീണ പറഞ്ഞു. കണ്ണൂരില്‍ വ്യാപക കള്ളവോട്ടിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു 1800 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പരാതി. ശക്തമായ നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ ബൂത്തുകളിലായി 6 പേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ പരാതിയാണു യുഡിഎഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയത്.
പോളിങ് ബൂത്തുകളില്‍ നിന്ന് വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍ സൂക്ഷിക്കുകയാണു ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങള്‍ ഉന്നയിച്ചാല്‍ വിഡിയോ വീണ്ടും പരിശോധിക്കും. കേസുകള്‍ കോടതിയിലെത്തുന്ന സന്ദര്‍ഭങ്ങളില്‍ വിഡിയോ നിര്‍ണായകമാണ്. സംസ്ഥാനത്ത് 3621 ബൂത്തുകളിലാണ് ഇത്തവണ വെബ്കാസ്റ്റ് സംവിധാനം ഉപയോഗിച്ചത്. കള്ളവോട്ട് നടത്തി എന്ന കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചുവെന്നു കണ്ടെത്തിയാല്‍ ബൂത്തിന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫിസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല അച്ചടക്ക നടപടിയും ഉണ്ടാകും.
Post Your Comments