കേന്ദ്ര മന്ത്രി ഗിരിരാജ് സിംങിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കേന്ദ്രമന്ത്രിയും ബെഗുസാരെ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിംഗിനെതിരെ കേസെടുത്തത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാര്‍ വ്യക്തമാക്കി.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗിരിരാജ് സിംഗിന്റെ പരാമര്‍ശം. ”വന്ദേ മാതരം എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം ഗംഗാ തീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ അതേസമയം നിങ്ങള്‍ക്ക് മണ്ണ് വേണമെന്ന് ഓര്‍ത്തോളൂ.” എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന.
തനിക്ക് ‘വന്ദേ മാതരം’ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന ദര്‍ബാംഗയിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി അബ്ദുല്‍ ബാരി സിദ്ദീഖിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പരാമര്‍ശം. ഗിരിരാജ് സിംഗും സി.പി.ഐയിലെ കനയ്യ കുമാറും തന്‍വീര്‍ ഹസനും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ബെഗുസാരെയില്‍ നടക്കുന്നത്.
Post Your Comments