തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും വോട്ട് ചെയ്തില്ല. വടകര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലായിരുന്നു വോട്ട്. എന്നാല്‍ പോളിങ് ദിവസം മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കേണ്ടെന്ന് കരുതി വോട്ട് ചെയ്യാന്‍ എത്തിയില്ല. അതേസമയം ഭാര്യ ജ്യോതി വോട്ട് ചെയ്തു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വോട്ട് കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലായിരുന്നു. മണ്ഡലത്തിലെ തിരക്ക് മൂലം അദ്ദേഹവും വോട്ട് ചെയ്യാനെത്തിയില്ല. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. പോളിങ് ദിവസം അതിരാവിലെ തൃശൂരില്‍ നിന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ മടങ്ങി എത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വം സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ സൗകര്യം ശരിയാകാതെ വന്നതോടെ സുരേഷ് ഗോപിക്ക് വോട്ട് രേഖരപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം.
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് കണ്ണൂരിലും (82.87) ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്തും (73.40) ആണ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ (80.26) റെക്കോര്‍ഡ് പോളിങായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം യന്ത്രത്തകരാറും വിവ പാറ്റിലെ താമസവും വോട്ടിങ് വൈകാനിടയാക്കി. പലയിടത്തും പോളിങ് അവസാനിച്ചത് രാത്രി ഏറെ വൈകിയാണ്. വോട്ടിങ്ങിനിടെ 11 പേര്‍ കുഴഞ്ഞു വീണു മരിച്ചു.
Post Your Comments