കോട്ടയം: കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്.
കെവിന്‍ വധക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.
അനീഷ് ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി.
നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Post Your Comments