ചെറുതോണി: ബാറ്ററി മോഷണം, ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു . ഗാന്ധിനഗർ കോളനി സ്വദേശി മുടലികണ്ടത്തിൽ ബിബിൻ (35), വാഴത്തോപ്പ് വഞ്ചിക്കവല സ്വദേശികളായ തണ്ടേൽ രഞ്ചു (30), പുതുപ്പറന്പിൽ പ്രശാന്ത് (34) എന്നിവരാണ് പിടിയിലായത് .
ഇടുക്കി എൻജിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ ലാബിന്റെ വരാന്തയിൽ സൂക്ഷിച്ചിരുന്ന 18 ബാറ്ററികൾ പ്രതികൾ മൂവരുംചേർന്ന് ബിബിന്റെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു . തിങ്കളാഴ്ച വൈകുന്നേരം 4.45-ഓടെയാണ് സംഭവം. വനപ്രദേശത്തോടുചേർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് നാലു കെട്ടിടങ്ങളിലായാണ് കോളജ് പ്രവർത്തിക്കുന്നത്.
സംഭവം നടന്ന സമീപത്താരും താമസമില്ല. അവധിദിവസമായിരുന്നതിനാലും പകലായതുകൊണ്ടും സെക്യൂരിറ്റിക്കാർ മറ്റു കെട്ടിടങ്ങളിലായിരുന്നു. പ്രതികൾ ബാറ്ററി കടത്തികൊണ്ടുപോകുന്നത് എൻജിനീയറിംഗ് കോളജിലെ ഒരു ജീവനക്കാരൻ കാണുകയുണ്ടായി . ഇയാൾ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. ഇവർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓട്ടോറിക്ഷയിൽ ബാറ്ററി കടത്തിക്കൊണ്ടുപോയി. തുടർന്ന് ഓട്ടോറിക്ഷയുടെ നന്പർ കുറിച്ചെടുത്ത ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Post Your Comments