ട്രെയിനിന് അടിയില്‍പ്പെട്ടു പോകേണ്ടിയിരുന്ന ദമ്പതികളെയും കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായി. ഡല്‍ഹിയിലെ അസദ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
ഞായറാഴ്ച്ച വൈകിട്ട് പട്രോളിങ്ങിനിറങ്ങിയ ജഗ്ബീര്‍ സിംഗ് റാണയ്ക്കാ്ണ് ദാരുണാന്ത്യമുണ്ടായത്. ആദര്‍ശ് നഗറിനും അസദ്പൂര്‍ ഇടയിലുള്ള റെയില്‍വേ ട്രാക്കിലായിരുന്നു ഇദ്ദേഹം പട്രോളിംഗ് നടത്തിയത്. ഏഴാം സിഗ്നല്‍ നമ്പറില്‍ എത്തിയപ്പോള്‍ ട്രാക്കില്‍ ഒരു ദമ്പതികള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുന്നത് റാണയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം ഹൊഷിയാര്‍പുര്‍ എക്സ്പ്രസ് ട്രെയിന്‍ ഈ ട്രാക്കിലേക്ക് എത്തുന്നത് കണ്ട് റാണ ഇവര്‍ക്കരുകിലേക്ക് പാഞ്ഞടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ കടന്നുവരുന്ന വഴിയില്‍ നിന്ന് ഇദ്ദേഹം ദമ്പതികളെ തള്ളിമാറ്റി.
അതേസമയം, സമീപമുള്ള ട്രാക്കില്‍ സംഭവം കൗതുകപൂര്‍വ്വം കണ്ടുകൊണ്ടുനിന്ന മൂന്ന് കുട്ടികള്‍ക്ക് നേരെ മറ്റൊരു ട്രെയിന്‍ പാഞ്ഞുവരുന്നത് കണ്ട റാണ കുട്ടികളോട് മാറിനില്‍ക്കാന്‍ ആക്രോശിച്ചു. മൂന്നുപേരും ട്രാക്കില്‍ നിന്ന് മാറിയൈങ്കിലും വേഗത്തില്‍ പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍ നിന്ന് ചാടി മാറാന്‍ നോക്കിയെങ്കിലും റാണയെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തില്‍ റാണ തെറിച്ച് 15 മീറ്റര്‍ അകലെ വന്നു വീഴുകയായിരുന്നെന്ന് സംഭവത്തിന് സാക്ഷിയായ ആസാദ്പുര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു കുടിലില്‍ താമസിക്കുന്ന കിഷന്‍ ഷാ പറഞ്ഞു.
അതേസമയം അഞ്ച് പേരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ നഷ്ടമായ ജഗ്ബീര്‍ സിംഗ് റാണയുടെ പേര് ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് അയക്കുമെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ആദര്‍ശ് നഗറില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ റാണക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Post Your Comments