ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം ടെർമിനൽ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഒാഫ് എയർപോർട്ട് സെക്യുരിറ്റി ഹനാൻ ഹുസൈൻ മുഹമ്മദ് ഉടൻ തന്നെ ഇവരെ വിമാനത്താവളത്തിലെ ഇൻസ്പെക്‌ഷൻ മുറിയിലേയ്ക്ക് മാറ്റി. അവിടെ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
താൻ കാണുമ്പോൾ ഗർഭിണിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കാനുള്ള സമയം ഇല്ലാത്തതിനാൽ ഇൻസ്പെക്‌ഷൻ മുറിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നും ഹനാൻ പറയുകയുണ്ടായി. കുഞ്ഞിനെ പുറത്തെടുത്തതോടെ യുവതിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലായി. കൃത്യമായി ശ്വസിക്കാനാകാതെ കുഞ്ഞും മോശം സ്ഥിതിയിലായിരുന്നു. ഉടൻ തന്നെ നഴ്സുമാരുടെയും മറ്റും സഹായത്തോടെ കൃത്രിമ ശ്വാസം നൽകുകയും ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഹനാൻ ഹുസൈൻ മുഹമ്മദിനെ ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യുരിറ്റി ഡയറക്ടർ ബ്രി.അലി ആതിഖ് ബിൻ ലഹെജ് ആദരിക്കുകയുണ്ടായി.
Post Your Comments