മാന്നാർ : സ്വന്തം രക്ഷ നോക്കാതെ നാലുപേരുടെ ജീവൻ രക്ഷിച്ച ജൂലി എന്ന വളർത്തുനായ ജീവിതത്തിലേക്ക് തിരികെയെത്തുന്നു. അവളെ മരണത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ച വീട്ടുകാർക്കും ഡോക്ടർമാർക്കും പോലും അദ്ഭുതമാണ് അവളുടെ മടങ്ങിവരവ്.
മാന്നാർ വിഷവർശേരിക്കര കുന്നുംപുറത്ത് പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ മണിയമ്മാൾ, മക്കളായ കാർത്തിക, കീർത്തി, മരുമകൻ ശിവജിത്ത് എന്നിവർ താമസിക്കുന്ന ചെന്നിത്തലയിലെ വാടകവീട്. 15ന് രാത്രി, ജൂലിയെന്ന ഏഴു വയസുകാരി ജർമൻ ഷെപ്പേഡ് നായയുടെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങി. പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് പത്തിവിടർത്തി നിൽക്കുന്ന മൂർഖനെ കടിച്ചുനിൽക്കുന്ന ജൂലിയെയാണ്.
പാമ്പിനെ കൊന്നശേഷം ജൂലി കൂട്ടിൽപോയി കിടന്നു. രാവിലെ കൂട്ടിൽ ഛർദ്ദിച്ച് അവശയായി, മുഖത്ത് നീരു വച്ചു കിടന്ന ജൂലിയെ കണ്ടപ്പോഴാണ് പാമ്പുകടിയേറ്റ സംഭവം വീട്ടുകാർ അറിയുന്നത്. ഉടൻ ജൂലിയെ ആശുപത്രിയിൽ എത്തിച്ചു. ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ സീനിയർ വെറ്ററിനറി സർജൻ ഡോ.ദീപു ഫിലിപ് മാത്യുവാണ് ജൂലിയെ ചികിൽസിച്ചത്.
എന്നാൽ മൂർഖന്റെ വിഷത്തിനുള്ള ആന്റിവെനം കിട്ടാതായി ഇതോടെ മരുന്നുതേടി വീട്ടുകാർ അലഞ്ഞു. മനുഷ്യന് അത്യാവശ്യമുള്ളത് ആയതിനാൽ മൃഗങ്ങൾക്കു നൽകരുതെന്ന സർക്കുലർ പോലും നിലവിലുണ്ട്. പിന്നീട് കോഴഞ്ചേരിയിൽനിന്ന് മരുന്ന് വാങ്ങി ജൂലിക്ക് കുത്തിവെയ്പ്പ് എടുത്തു. എന്നാൽ ജൂലിക്ക് മാറ്റമുണ്ടായില്ല. തുടർന്ന് വൈകുന്നേരത്തോടെ ജൂലി കണ്ണുകൾ തുറന്നു. ഇതോടെ വീട്ടുകാർക്ക് സമാധാനമായി. തലച്ചോറിനെ ബാധിക്കുന്ന മൂർഖന്റെ വിഷം ഇറങ്ങി രക്ഷപ്പെടുന്നത് അത്യപൂർവമാണ്.
Post Your Comments