
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്.രാഘവനെതിരായ കോഴയാരോപണക്കേസില്‍ അന്വേഷണ ചുമതല ഡിസിപി വാഹിദിനാണ്. നേരത്തേ സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലം മൊഴി നല്‍കാതെ വിട്ടു നിന്ന രാഘവന്‍ ഒടുവില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയാണ് പരിശോധിച്ചത്. ടിവി9 നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് കമ്മീഷന്‍ ആയി 5 കോടി രൂപ സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും വീഡിയോയില്‍ രാഘവന്‍ പറയുന്നുണ്ട്.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം. ടിവി9 പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും രാഘവന്‍ ആരോപിച്ചിരിന്നു.
Post Your Comments