പെരിയ: അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് 65 സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്യോട്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളായ സി.പി.എം. അനുഭാവികളുള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ അഗത്വം സ്വീകരിച്ചത്.അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ തീരുമാനമെന്ന് ഇവര്‍ പറഞ്ഞു.
27 കുടുംബങ്ങളില്‍നിന്നായി 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ കല്യോട്ട് നടന്ന സ്വീകരണയോഗത്തില്‍ ഇവരെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കല്യോട്ടെ കൃഷ്ണന്‍, ശെല്‍വരാജ്, പ്രഭാകരന്‍, കുഞ്ഞമ്പു, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെ ഡി.സി.സി. പ്രസിഡന്റ്് ഹാരമണിയിച്ചു.
കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍, സി.രാജന്‍, ടി.രാമകൃഷ്ണന്‍, സി.കെ.അരവിന്ദന്‍, കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്നാല്‍ പാര്‍ട്ടിയില്‍ തന്നെയുള്ള പഴയകാല പ്രവര്‍ത്തകരെയും നിഷ്പക്ഷരായ ആളുകളെയും മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്ന് സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ പ്രതികരിച്ചു.
Post Your Comments