കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാർ ജില്ലാ ആശുപത്രിയിലെ ശുചീകരണജോലി രാജിെവച്ചു.നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജി. മൂന്നുപേർക്കും സഹകരണ സ്ഥാപനത്തിൽ ജോലിനൽകാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നറിയുന്നു.
ഒന്നാംപ്രതി അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ ഭാര്യ ഏച്ചിലടുക്കത്തെ പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി.ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം.സുരേഷിന്റെ ഭാര്യ എസ്.ബേബി എന്നിവരാണ് താത്‌കാലികമായി ലഭിച്ച ജോലി രാജിവെച്ചത്. രണ്ടരമാസംമുമ്പാണ് ഇവർക്ക് ജോലിലഭിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ ബേബി ബാലകൃഷ്ണൻ അധ്യക്ഷനായ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് നിയമനം നടത്തിയത്. മൂന്നുപേർക്കും പിൻവാതിൽ നിയമനം നൽകിയെന്നാരോപിച്ച് യു.ഡി.എഫ്. പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments